ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 250 വിക്കറ്റുകളെന്ന നിര്‍ണായക നാഴികകല്ല് പിന്നിട്ട് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലാണ് താരം നിര്‍ണായ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്‍റെ മൂന്നാം ദിനം രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റന്‍ ബെന്‍സ്റ്റോക്‌സാണ് റബാഡയുടെ 250ാം വിക്കറ്റായത്.
ടെസ്റ്റില്‍ നിര്‍ണായക നാഴികകല്ല് പിന്നിട്ട് കാഗിസോ റബാഡ; ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ മാത്രം പ്രോട്ടീസ് താരം - ഡെയ്ൽ സ്റ്റെയ്ൻ
ടെസ്റ്റ് ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ഏഴാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ താരമായി പേസര്‍ കാഗിസോ റബാഡ.
തുടര്‍ന്ന് സ്റ്റുവര്‍ട്ട് ബോര്‍ഡിനേയും റബാഡ മടക്കി. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും റബാഡയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടെ ടെസ്റ്റില്‍ 250 വിക്കറ്റുകള്‍ പിന്നിടുന്ന ഏഴാമത്തെ പ്രോട്ടീസ് താരമാവാനും റബാഡയ്‌ക്ക് കഴിഞ്ഞു. ഡെയ്ൽ സ്റ്റെയ്ൻ (439), ഷോൺ പൊള്ളോക്ക് (421), മഖായ എന്‍റിനി (390), അലൻ ഡൊണാൾഡ് (330), മോർണി മോർക്കൽ (309), ജാക്ക് കാലിസ് (291) എന്നിവരാണ് റബാഡയ്‌ക്ക് മുന്നെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്.
മത്സരത്തില്‍ ഒരു ഇന്നിങ്‌സിനും 12 റണ്‍സിനും ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ പ്രോട്ടീസിന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 165 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പ്രോട്ടീസ് 326 റണ്‍സ് നേടി 161 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കി. ഇതിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം 37.4 ഓവറില്‍ 149 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ പ്രോട്ടീസ് 1-0ത്തിന് മുന്നലെത്തി. റബാഡയാണ് കളിയിലെ താരം.