ട്രെന്‍റ് ബ്രിഡ്‌ജ്: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂർവനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ഇതിഹാസ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 650 വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ പേസ് ബൗളര്‍ എന്ന റെക്കോഡാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തം പേരിലാക്കിയത്.
39-ാം വയസിൽ ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ നാഴികക്കല്ല് പിന്നിട്ട് ആന്‍ഡേഴ്‌സണ്‍ - ഇംഗ്ലണ്ട് vs ന്യൂസീലന്‍ഡ്
ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ആന്‍ഡേഴ്‌സണ്‍ റെക്കോഡ് സ്വന്തമാക്കിയത്.
ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണറും നായകനുമായ ടോം ലാഥത്തിന്‍റെ വിക്കറ്റെടുത്താണ് ആന്‍ഡേഴ്‌സണ്‍ 650 ക്ലബ്ബിലിടം നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 650 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് ആന്‍ഡേഴ്‌സണ്‍. ലോകത്തോട് വിടപറഞ്ഞ ഓസ്‌ട്രേലിയൻ ഇതിഹാസ സ്‌പിന്നർ ഷെയ്ന്‍ വോണ്‍, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
സ്‌പിന്നർമാർ മാത്രമാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയെതന്നതിനാൽ ഒരു ഫാസ്റ്റ് ബൗളര്‍ ഈ നേട്ടത്തിലെത്തുന്നത് അത്ഭുതം എന്ന് മാത്രമെ വിശേഷിപ്പിക്കാനാകൂ. 39 വയസിലും തീപ്പൊരി ബൗളിങ്ങുമായി കളം നിറയുകയാണ് ജെയിംസ് ആന്‍ഡേഴ്‌സൺ. രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 553 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 539 റണ്‍സ് സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് വിജയം നേടിയത്.