ന്യൂഡല്‍ഹി:ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ സൂര്യകുമാർ യാദവിനെ പുകഴ്‌ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, വസീം ജാഫര്‍, അമിത് മിശ്ര തുടങ്ങിയ താരങ്ങളും നിരവധി ആരാധകരും സൂര്യകുമാറിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
'ഈ പേര് ഓര്‍ത്തുവച്ചോളൂ' എന്നാണ് ഗംഭീര്‍ കുറിച്ചത്. മത്സരത്തില്‍ ചില മികച്ച ഷോട്ടുകള്‍ താരം കളിച്ചതായും സെഞ്ച്വറി പ്രകടനം മനോഹരമായിരുന്നു എന്നും സച്ചിന്‍ കുറിച്ചു. ഇംഗ്ലണ്ടിനെതിരെ നോട്ടിങ്‌ഹാമില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത് സൂര്യകുമാറിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ്.
216 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 31 റൺസെന്ന നിലയിലേക്ക് തകര്‍ന്ന ഇടത്ത് നിന്നാണ് സൂര്യകുമാറിന്‍റെ പോരാട്ടം. വമ്പന്‍ ലക്ഷ്യം പിന്തുടരുന്നതിന്‍റെ സമ്മര്‍ദത്തില്‍ വീഴാതെ ബാറ്റ് വീശിയ താരം 55 പന്തിൽ 117 റൺസാണ് അടിച്ച് കൂട്ടിയത്. 14 ഫോറും 6 സിക്‌സറും ഉള്‍പ്പെടുന്നതാണ് സൂര്യകുമാറിന്‍റെ ഇന്നിങ്‌സ്.
ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാവാനും, ടി20യില്‍ നാലാം സ്ഥാനത്ത് ഇറങ്ങി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരമാവാനും സൂര്യകുമാറിന് കഴിഞ്ഞു. ഏറെക്കാലം തഴയപ്പെട്ട സൂര്യകുമാർ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച പ്രകടനം കൂടിയാണിത്.
അതേസമയം മത്സരത്തില്‍ 17 റണ്‍സിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മറുപടി ബാറ്റിങ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 198 റണ്‍സില്‍ അവസാനിച്ചു. സൂര്യകുമാറിന് പുറമെ മറ്റാര്‍ക്കും തിളങ്ങാനാവാതെ വന്നതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
ശ്രേയസ് അയ്യര്‍ (23 പന്തില്‍ 28), വിരാട് കോലി (6 പന്തില്‍ 11), രോഹിത് ശര്‍മ (12 പന്തില്‍ 11), റിഷഭ് പന്ത് (5 പന്തില്‍ 1), ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 6), രവീന്ദ്ര ജഡേജ (4 പന്തില്‍ 7), ഹര്‍ഷല്‍ പട്ടേല്‍ (6 പന്തില്‍ 5) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ഇംഗ്ലണ്ടിനായി നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റീസെ ടോപ്ലി മൂന്ന് വിക്കറ്റെടുത്തു. ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് മലാനും (39 പന്തില്‍ 77 റണ്‍സ്), ലിയാം ലിവിങ്‌സ്റ്റണുമാണ് (29 പന്തില്‍ 42*) ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജേസണ്‍ റോയ് (27), ജോസ് ബട്‌ലര്‍ (18), ഫിലിപ് സാള്‍ട്ട് (8), മോയിന്‍ അലി (0), ഹാരി ബ്രൂക്ക് (19), ക്രിസ് ജോര്‍ദാന്‍ (11) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ഇന്ത്യയ്‌ക്കായി രവി ബിഷ്‌ണോയ് നാല് ഓവറില്‍ 30 റണ്‍സും, ഹര്‍ഷല്‍ പട്ടേല്‍ 35 റണ്‍സും വഴങ്ങി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഉമ്രാന്‍ മാലിക് നാല് ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്തും, ആവേശ് ഖാന്‍ 43 റണ്‍സ് വഴങ്ങിയും ഒരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.
also read: 'ആരാണ് ആ വിദഗ്‌ധർ, എന്തിനവരെ വിദഗ്‌ധരെന്ന് വിളിക്കുന്നു'; കോലിക്കെതിരായ വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് രോഹിത്