നോട്ടിങ്‌ഹാം: ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയിലും മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയുടെ മോശം ഫോം തുടരുകയാണ്. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച കോലി 1, 11 റണ്‍സുകളാണ് സ്‌കോര്‍ ചെയ്‌തത്. രണ്ട് മത്സരങ്ങളിലും തുടക്കം തൊട്ട് ആക്രമിച്ച് കളിക്കാന്‍ ശ്രമം നടത്തിയെങ്കിലും താരം പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ നോട്ടിങ്‌ഹാമില്‍ നടന്ന മൂന്നാം ടി20ക്ക് ശേഷം വിരാട് കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുയാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. കോലിയെ ടി20 ടീമില്‍ നിന്നും പുറത്താക്കണമെന്ന് ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങളോട് രൂക്ഷമായാണ് രോഹിത് പ്രതികരിച്ചത്.
ഇത്തരം അഭിപ്രായങ്ങള്‍ പറയുന്ന വിദഗ്‌ധർ ആരാണെന്നും അവരെ എന്തുകൊണ്ടാണ് വിദഗ്‌ധർ എന്ന് വിളിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രോഹിത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
"പുറത്തെ ബഹളങ്ങള്‍ ശ്രദ്ധിക്കാത്തതിനാല്‍ ഞങ്ങൾക്ക് ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ആരാണ് ആ വിദഗ്‌ധർ എന്ന് എനിക്കറിയില്ല. എന്തിനാണ് അവരെ വിദഗ്‌ധർ എന്ന് വിളിക്കുന്നതെന്നും മനസിലാകുന്നില്ല. എല്ലാ കാര്യങ്ങളും അവര്‍ പുറത്ത് നിന്നാണ് കാണുന്നത്.
ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല. ഞങ്ങൾ ഒരു ടീം നിർമ്മിക്കുകയാണ്, അതിനായി ഞങ്ങൾക്ക് ഒരു പ്രത്യേക ചിന്താപ്രക്രിയയുണ്ട്. ഒരുപാട് ആലോചനകൾ അതിന് പിറകില്‍ നടക്കുന്നുണ്ട്. കളിക്കാര്‍ക്ക് പിന്തുണയും അവസരവുമുണ്ട്. പുറത്തുള്ള ആളുകള്‍ക്ക് ഇക്കാര്യങ്ങള്‍ ഒന്നും തന്നെ അറിയില്ല. പുറത്ത് എന്താണ് നടക്കുന്നതെന്ന് ഞങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതല്ല'', രോഹിത് പറഞ്ഞു.