ലണ്ടന്‍:ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഓവലില്‍ വൈകിട്ട് 5.30നാണ് മത്സരം ആരംഭിക്കുക. ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഈ കണക്ക് തീര്‍ക്കാനാവും ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടിന്‍റെ ശ്രമം. ഒരിടവേളയ്‌ക്ക് ശേഷം ഓപ്പണര്‍ ശിഖര്‍ ധവാനും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തും. മുന്‍ നായകന്‍ വിരാട് കോലി കളിക്കുമോ എന്ന് ഉറപ്പില്ല. മൂന്നാം ടി20യ്‌ക്കിടെ കോലിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മത്സരത്തില്‍ മിന്നുന്ന സെഞ്ച്വറി നേടി സൂര്യകുമാര്‍ യാദവ് ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ടീമില്‍ ഇടം പിടിക്കുന്നതിനായി പ്രസിദ്ധ് കൃഷ്‌ണയും ശാര്‍ദുല്‍ താക്കൂറും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ കാര്യമായ പ്രകടനം നടത്താന്‍ പേസ് ഓള്‍ റൗണ്ടറായ ശാര്‍ദുലിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രസിദ്ധിനാണ് സാധ്യത.
വൈറ്റ് ബോള്‍ ക്യാപ്‌റ്റനെന്ന നിലയില്‍ ജോസ് ബട്‌ലറുടെ ആദ്യ മത്സരം കൂടിയാണിത്. ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ തിരിച്ചെത്തുന്നത് ഇംഗ്ലീഷ് നിരയ്‌ക്ക് ശക്തിയാവും. മത്സരത്തിന് മഴ ഭീഷണിയില്ല.