ട്രെന്‍റ്ബ്രിഡ്ജ് : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍. മത്സരത്തിന്‍റെ അഞ്ചാം ദിനം ഒരു പന്തുപോലുമെറിയാനാവാതെ മഴയെടുത്തതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള അദ്യ മത്സരം കൂടിയായ നോട്ടിങ്ഹാം ടെസ്റ്റിന്‍റെ അവസാന ദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ 157 റണ്‍സായിരുന്നു വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ മഴ വില്ലനായതോടെ ഇന്ത്യന്‍ വിജയം അകന്നുനിന്നു.
രണ്ടാം ഇന്നിങ്സില്‍ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. ഓപ്പണര്‍ കെഎല്‍ രാഹുലിന്‍റെ വിക്കറ്റാണ് നഷ്ടമായത്.
26 റൺസെടുത്ത രാഹുലിനെ സ്റ്റുവർട്ട് ബ്രോഡ് ജോ റൂട്ടിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. നാലാം ദിനം മത്സരം അവസാനിപ്പിക്കുമ്പോള്‍ 12 റൺസെടുത്ത രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസിലുണ്ടായിരുന്നത്.
അതേസമയം ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ മികവിലാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട് 209 റണ്‍സിന്‍റെ വിജയ ലക്ഷ്യമുയര്‍ത്തിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡായ 95 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 303ന് പുറത്തായി. റൂട്ട് 172 പന്തുകള്‍ 109 റണ്‍സ് നേടി.
സാം കുറാൻ (32), ജോണി ബെയര്‍സ്റ്റോ (30), ഡോം സിബ്ലി (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റും കണ്ടെത്തി.
also read: വനിത ഹോക്കി ടീമിന് സമ്മാനം പ്രഖ്യാപിച്ച് ഗുജറാത്തില്‍ നിന്നുള്ള വജ്രവ്യാപാരി
ആദ്യ ഇന്നിങ്സില്‍ 278 റൺസായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 84 റണ്‍സുമായി കെഎല്‍ രാഹുല്‍, 56 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, 36 റണ്‍സെടുത്ത രോഹിത് ശര്‍മ എന്നിവരായിരുന്നു ഒന്നാം ഇന്നിങ്സില്‍ ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്. ഇംഗ്ലണ്ടിനായി ഒല്ലി റോബിൻസണ്‍ അഞ്ച് വിക്കറ്റും ജയിംസ് ആന്‍റേഴ്സണ്‍ നാല് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.
സ്കോര്‍ : ഇംഗ്ലണ്ട് - 183- 303. ഇന്ത്യ -278- 52/1