മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ആശങ്കയില്‍. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം ആശങ്കയിലായത്.
ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധന ഫലം അനുസരിച്ച് മാത്രമേ മത്സരവുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാവൂവെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഇന്ത്യന്‍ സമയം അര്‍ധ രാത്രിയോടെ (യുകെ സമയം ഏകദേശം എട്ടുമണിയോടെ) താരങ്ങളുടെ കൊവിഡ് പരിശോധന ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്നും ഉറവിടങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ടെസ്റ്റിങ് ഏജന്‍സിയാണ് താരങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന ടീമിന്‍റെ പരിശീലന സെഷന്‍ ഉപേക്ഷിച്ചിരുന്നു. നാളെ ഓൾഡ് ട്രാഫോർഡില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.