എഡ്‌ജ്‌ബാസ്റ്റണ്‍ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ താരമാണ് സ്റ്റാർ പേസര്‍ ഭുവനേശ്വർ കുമാർ. ഒന്നാം ടി20യിലേത് പോലെ ഇംഗ്ലീഷ് ഓപ്പണര്‍മാരെ നിലയുറപ്പിക്കും മുമ്പ് തിരിച്ച് കയറ്റാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ആദ്യ പന്തില്‍ തന്നെ ജേസണ്‍ റോയിയെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കയ്യിലെത്തിച്ചാണ് ഭുവി തുടങ്ങിയത്.
തുടര്‍ന്ന് തന്‍റെ രണ്ടാം ഓവറില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ(4) റിഷഭ് പന്തിന്‍റെ കയ്യിലെത്തിക്കാനും ഭുവിക്കായി. ഇതുള്‍പ്പടെ ഒരു മെയ്‌ഡൻ അടക്കം മൂന്ന് ഓവറില്‍ വെറും 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ഭുവി വീഴ്‌ത്തിയത്.
മത്സരത്തിലെ ഈ തകര്‍പ്പന്‍ പ്രകടനത്തോടെ അന്താരാഷ്‌ട്ര ടി20യില്‍ ഒരപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 32കാരനായ ഭുവി. ടി20 പവർ പ്ലേകളിൽ 500 ഡോട്ട് ബോളുകൾ (റണ്‍സെടുക്കാന്‍ കഴിയാത്ത ബോളുകള്‍) എറിയുന്ന ആദ്യ ബോളറെന്ന റെക്കോഡാണ് ഇന്ത്യന്‍ പേസര്‍ സ്വന്തമാക്കിയത്. 383 പന്തുകളെറിഞ്ഞ വെസ്റ്റ് ഇൻഡീസിന്‍റെ സാമുവൽ ബദ്രിയും, 368 പന്തുകളെറിഞ്ഞ ന്യൂസിലൻഡിന്‍റെ ടിം സൗത്തിയുമാണ് ഭുവിക്ക് പിന്നിലുള്ളത്.