കൊളംബോ :ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പില്‍ (Emerging Asia Cup) പാകിസ്ഥാന്‍ എയ്‌ക്കെതിരെ (Pakistan A) എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ എ (India A). സായ് സുദര്‍ശന്‍റെ (Sai Sudharshan) സെഞ്ച്വറിയും (104 നോട്ടൗട്ട്), നികിന്‍ ജോസിന്‍റെ (Nikin Jose) അര്‍ധസെഞ്ച്വറിയും (53) രാജ്‌വര്‍ധന്‍ ഹംഗര്‍ക്കേറിന്‍റെ (Rajvardhan Hangerkar) അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യ എ യ്‌ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. പാകിസ്ഥാന്‍ എ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറിലാണ് ഇന്ത്യ എ മറികടന്നത്.
ജയത്തോടെ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായാണ് ഇന്ത്യ എ സെമി ഫൈനലില്‍ എത്തിയത്. സെമിയില്‍ ബംഗ്ലാദേശ് എ ആണ് ഇന്ത്യയുടെ എതിരാളികള്‍. മൂന്ന് കളിയും ജയിച്ച ഇന്ത്യ എ-യ്‌ക്ക് ആറ് പോയിന്‍റാണുള്ളത്.
രണ്ട് ജയങ്ങളോടെ നാല് പോയിന്‍റ് സ്വന്തമാക്കിയ പാകിസ്ഥാന്‍ എ ടീം രണ്ടാം സ്ഥാനക്കാരായി സെമിയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. നേപ്പാള്‍ എ, യുഎഇ എ ടീമുകളാണ് ഗ്രൂപ്പിലെ അവസാന രണ്ട് സ്ഥാനക്കാര്‍.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസമാണ് ജയത്തിലേക്ക് എത്തിയത്. അഭിഷേക് ശര്‍മയും സായ് സുദര്‍ശനും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യന്‍ എ ടീമിന് സമ്മാനിച്ചത്. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.