കേരളം

kerala

ETV Bharat / sports

Emerging Teams Asia Cup | ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ എ ഫൈനലിൽ; എതിരാളികൾ പാകിസ്ഥാൻ - India A vs Bangladesh A

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 23-ാം തിയതിയാണ് ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ

ഇന്ത്യ എ vs ബംഗ്ലാദേശ് എ  യാഷ് ദുൾ  ഇന്ത്യ എ  എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പ്  എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പിൽ ഇന്ത്യ പാക് ഫൈനൽ  ഇന്ത്യ പാക് ഫൈനൽ  Yash Dhull  India A  Bangladesh A  India A vs Bangladesh A  INDIA A BEAT BANGLADESH A
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

By

Published : Jul 21, 2023, 10:51 PM IST

കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പിൽ ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ. സെമിഫൈനലിൽ ബംഗ്ലാദേശ് എയെ 51 റണ്‍സിന് തകർത്താണ് ഇന്ത്യ എ ഫൈനലിലേക്ക് പ്രവേശിച്ചത്. ഇന്ത്യയുടെ 211 റണ്‍സ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 160 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്‌ടം കൂടാതെ 70 റണ്‍സ് എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 23-ാം തിയതിയാണ് ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ.

8 വിക്കറ്റിൽ 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ നിഷാന്ത് സിന്ധുവാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. മത്സരത്തിൽ ഇന്ത്യയുടെ താരതമ്യേന ചെറിയ സ്‌കോറിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി ഓപ്പണർമാരായ മുഹമ്മദ് നൈമും (38), തൻസിൽ ഹസനും (51) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 12.4 ഓവറിൽ 70 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

മുഹമ്മദ് നൈമിനെ പുറത്താക്കി മാനവ് സുതാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അർധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ തൻസിൽ ഹസനും പുറത്തായി. തുടർന്ന് ക്രീസിൽ എത്തിയ സാക്കിർ ഹസന് (5) നിലയുറപ്പിക്കാനായില്ല. ഇതോടെ ബംഗ്ലാദേശ് 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 100 റണ്‍സിലേക്കെത്തി.

ഇതിന് ശേഷം ബംഗ്ലാദേശിന്‍റെ കൂട്ടത്തകർച്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പിന്നാലെ ക്രീസിലെത്തിയവരിൽ സയിഫ് ഹസൻ (22), മുഹമ്മദുൾ ഹസൻ ജോയ് (20), മെഹ്‌ദി ഹസൻ(12) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. സൗമ്യ സർക്കാർ (5), അക്‌ബർ അലി (2) റാക്കിബുൾ ഹസൻ (0), റിപോണ്‍ മൊൻഡോൽ (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

തൻസിം ഹസൻ സാക്കിബ് (0) പുറത്താകാതെ നിന്നു. ഇന്ത്യക്കായി നിഷാന്ത് സിന്ധു അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മാനവ് സുതര്‍ മൂന്ന് വിക്കറ്റ് നേടി. യുവ്‌രാജ്‌സിങ് ദോദിയ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

നായകന്‍റെ ഇന്നിങ്‌സുമായി യാഷ് ദുൾ: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നായകൻ യാഷ് ദുളിന്‍റെ അർധ സെഞ്ച്വറി പ്രകടനത്തിലാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്. ഇന്ത്യ 49.1 ഓവറിൽ ഓൾഔട്ട് ആവുകയായിരുന്നു. 85 പന്തുകളില്‍ 66 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോഴാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായത്.

കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ സായ്‌ സുദര്‍ശനാണ് (21) പുറത്തായത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച അഭിഷേക് ശര്‍മയും നിഖിന്‍ ജോസും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 46 റണ്‍സ് നേടിയ ഈ കൂട്ടുകെട്ട് നിഖിനെ വീഴ്‌ത്തിയാണ് ബംഗ്ലാദേശ് പൊളിച്ചത്. 29 പന്തുകളില്‍ 17 റണ്‍സ് നേടിയ നിഖിനെ സെയ്‌ഫ് ഹസ്സനാണ് പുറത്താക്കിയത്.

പിന്നാലെ അഭിഷേക് ശര്‍മയേയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 63 പന്തുകളില്‍ 34 റണ്‍സ് നേടിയ അഭിഷേകിനെ റാക്കിബുള്‍ ഹസൻ മടക്കുകയായിരുന്നു. ഇതോടെ യാഷ്‌ ദുൾ ടീമിനെ ഒറ്റയ്‌ക്ക് ചുമലിലേറ്റുകയായിരുന്നു. ഇതിനിടെ നിശാന്ത് സിന്ദു (16 പന്തുകളില്‍ 5), റിയാന്‍ പരാഗ് (24 പന്തില്‍ 12), ധ്രുവ് ജുറെല്‍ (3 പന്തില്‍ 1), ഹര്‍ഷിദ് റാണ (14 പന്തുകളില്‍ ) എന്നിവരും നിരനിരയായി പുറത്തായി.

ഇതോടെ ഇന്ത്യ 36.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 137 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് എത്തിയ മാനവ് സുതാരിനെ കൂട്ടുപിടിച്ച് എറെ ശ്രദ്ധയോടെ കളിച്ച ദുള്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 44-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ മാനവ് സുതാര്‍ (21) റണ്ണൗട്ടായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി.

എട്ടാം വിക്കറ്റില്‍ ദുളിനൊപ്പം 41 റണ്‍സ് ചേര്‍ത്ത മാനവ് മടങ്ങുമ്പോള്‍ 178 റണ്‍സായിരുന്നു ഇന്ത്യന്‍ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍ക്ക് (12 പന്തുകളില്‍ 15) അധികം ആയുസുണ്ടായിരുന്നില്ല. പിന്നീട്‌ പതിനൊന്നാമന്‍ യുവരാജ്‌സിന്‍ഹ് ദോദിയയെ ഒരറ്റത്ത് നിര്‍ത്തിയാണ് യാഷ് ദുള്‍ ഇന്ത്യയെ ഇരുന്നൂറ് കടത്തിയത്.

അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ ദുള്‍ വീണതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനും തിരശീല വീഴുകയായിരുന്നു. ബംഗ്ലാദേശ് എയ്‌ക്കായി മെഹ്‌ദി ഹസന്‍, തന്‍സിം ഹസന്‍ ശാക്കിബ്, റാക്കിബുള്‍ ഹസന്‍ എന്നിര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. സൗമ്യ സര്‍ക്കാര്‍, റിപോണ്‍ മൊണ്ഡാല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ABOUT THE AUTHOR

...view details