എന്നും വേദനയോടെ മാത്രമേ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഓസ്‌ട്രേലിയയുടെ ഫില്‍ ഹ്യൂസിനെ ഓര്‍ക്കാനാകൂ. താരസമ്പന്നമായ കങ്കാരുപ്പടയില്‍ അരങ്ങേറി ചെറിയ കാലം കൊണ്ട് തന്നെ സ്ഥിരസാന്നിധ്യമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. പക്ഷേ എട്ട് വര്‍ഷം മുന്‍പ് കളിമൈതാനത്ത് അവനെ തേടിയെത്തിയ ഒരു ബൗണ്‍സര്‍ കരിയറിന്‍റെ യാത്ര തന്നെ അവസാനിപ്പിച്ചാണ് മടങ്ങിയത്.
2014ലെ ഒരു നവംബര്‍ 25, ക്രിക്കറ്റ് ലോകത്തെ കറുത്ത ദിനമായിട്ടാണ് ഈ ദിവസത്തെ അടയാളപ്പെടുത്തുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സൗത്ത് ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയ്‌ല്‍സും തമ്മിലുള്ള ഒരു ഫസ്‌റ്റ് ക്ലാസ് മത്സരം. ബാറ്റിങ് എന്‍ഡില്‍ 25 കാരനായ ഇടം കയ്യന്‍ ബാറ്റര്‍ ഫില്‍ ഹ്യൂസ്.
പന്തെറിയാനെത്തിയത് ഓസ്‌ട്രേലിയയുടെ പേസ് ബോളര്‍ സീന്‍ ആബട്ട്. ബോളിങ് എന്‍ഡിലേക്ക് പാഞ്ഞെത്തിയ ആബട്ട് ഹ്യൂസിനടുത്തേക്ക് എറിഞ്ഞതാകട്ടെ ഒരു ബൗണ്‍സര്‍. പന്തിന്‍റെ ഗതിയറിയാതെ ഹ്യൂസ് ഒരു പുള്‍ ഷോട്ടിന് ശ്രമിച്ചു.
പക്ഷേ അവിടെ അവന്‍റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിപ്പോയി. പന്ത് നേരെ വന്നിടിച്ചത് ഹെല്‍മറ്റിന്‍റെ സുരക്ഷിതത്വം നല്‍കാത്ത തലയുടെ ഭാഗത്ത്. ഒരു നിമിഷം തിരിഞ്ഞ് നിന്ന ഹ്യൂസ് മുഖമിടിച്ച് ഗ്രൗണ്ടിലേക്ക് വീണു.
സഹതാരങ്ങളും, മെഡിക്കല്‍ സ്റ്റാഫുകളും ഉടന്‍ തന്നെ താരത്തിനടുത്തേക്ക് ഓടിയെത്തി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഹെലികോപ്‌ടറില്‍ സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയിലെത്തിച്ച് ശസ്‌ത്രക്രിയ. പക്ഷെ അതൊന്നും തന്നെ ഹ്യൂസിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ പോന്നതായിരുന്നില്ല.
രണ്ട് ദിവസങ്ങള്‍ക്കിപ്പുറം നവംബര്‍ 27ന് ആ വാര്‍ത്ത പുറത്തുവന്നു. 26-ാം പിറന്നാളിന് മൂന്ന് ദിവസം മുന്‍പായിരുന്നു ഫില്‍ ഹ്യൂസ് എന്ന ക്രിക്കറ്റര്‍ യാത്രയായത്. ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു ഫില്‍ ഹ്യൂസിന്‍റെ മരണം.
ബ്രെയിന്‍ ഹെമറേജായിരുന്നു മരണ കാരണം. ഓസ്ട്രേലിയന്‍ ടീം ഡോക്‌ടര്‍ വ്യക്തമാക്കിയതനുസരിച്ച് ഇത്തരത്തില്‍ ആകെ നൂറ് മരണങ്ങള്‍ മാത്രമെ അപ്പോള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നുള്ളു. അതിലേക്ക് ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന്‍റെ പേരും ചേര്‍ക്കപ്പെട്ടത്.
ഹ്യൂസിന്‍റെ മരണത്തിന് ശേഷം ആകെ തളര്‍ന്ന് പോയ സീന്‍ ആബട്ടിനെയും ആരും മറന്നില്ല. താരത്തെ കളിയാസ്വാദകര്‍ ഒന്നടങ്കം ചേര്‍ത്ത് നിര്‍ത്തി. ആശ്വാസ വാക്കുകളുമായി ഇതിഹാസ താരങ്ങളും സീന്‍ ആബട്ടിനെ തേടിയെത്തി.
ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറിന്‍റെയും മൈക്കല്‍ ക്ലാര്‍ക്കിന്‍റെയും ഉറ്റ ചങ്ങാതിയായിരുന്നു ഫില്‍ ഹ്യൂസ്. സിഡ്‌നിയില്‍ നടന്ന ടെസ്‌റ്റ് മത്സരത്തിനിടെ 63 റണ്‍സ് നേടിയ ശേഷം ഹ്യൂസ് പരിക്കേറ്റ് വീണ ഭാഗത്ത് വാര്‍ണര്‍ മുട്ടുകുത്തി മുത്തമിട്ടത് എല്ലാവരുടെയും ഹൃദയത്തിലാണ് സ്‌പര്‍ശിച്ചത്. ഏകദിന മത്സരങ്ങളില്‍ ഹ്യൂസ് അണിഞ്ഞിരുന്ന 64-ാം നമ്പര്‍ ജഴ്‌സി പിന്നീട് മറ്റാര്‍ക്കും നല്‍കാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായിട്ടില്ല. 'ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഹ്യൂസിന്‍റെ ഓര്‍മകള്‍ക്കും മരണമില്ല, ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ ഉള്ളില്‍ എന്നും ഒരു നീറ്റലായി കാലത്തിനും മായ്‌ക്കാന്‍ കഴിയാത്ത മുറിവായി അവനുണ്ടാകും...' എന്നായിരുന്നു പ്രിയ സുഹൃത്തിന്‍റെ മരണത്തിന് ശേഷം മൈക്കല്‍ ക്ലാര്‍ക്കിന്‍റെ വാക്കുകള്‍.
2014ല്‍ ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം വിരാട് കോലിയുടെ നേതൃത്വത്തില്‍ ഫില്‍ ഹ്യൂസിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു. അന്നത്തെ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ അന്ന് ഇന്ത്യന്‍ ടീമിന്‍റെ പെരുമാറ്റത്തെ അഭിനന്ദിച്ചു.
അവസാന മത്സരത്തില്‍ ഹ്യൂസിന്‍റെ സ്‌കോര്‍ 63 റിട്ടയര്‍ ഹര്‍ട്ട് എന്നതിന് പകരം 63 നോട്ടൗട്ട് എന്നാണ് നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകരും താരത്തിന് ആദരവ് അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റ് മത്സരങ്ങളും 25 ഏകദിനവും ഒരു ടി20യുമാണ് ഫില്‍ ഹ്യൂസ് കളിച്ചിട്ടുള്ളത്. 2009ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പരിക്കേറ്റ മാത്യൂ ഹെയ്‌ഡന് പകരക്കാരനായാണ് ഹ്യൂസ് ഓസീസ് ടെസ്‌റ്റ് ടീമിലേക്ക് അരങ്ങേറ്റം നടത്തിയത്. 20-ാം വയസില്‍ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ തന്നെ അന്ന് അദ്ദേഹം ആദ്യ സെഞ്ച്വറി നേടി. ശ്രീലങ്കയ്‌ക്കെതിരെ 2013ലായിരുന്നു ഹ്യൂസിന്‍റെ ഏകദിന അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ ശതകം അടിച്ച് ഓസീസ് റെക്കോഡും അന്ന് അദ്ദേഹം സ്വന്തം പേരിലാക്കി.