ഹൈദരാബാദ് : 2013 ജൂണ്‍ 23, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എംഎസ് ധോണിയും സംഘവും മറ്റൊരു ഏട് കൂട്ടിച്ചേര്‍ത്ത ദിനം. അന്നാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഐതിഹാസിക വിജയം നേടിയത്.
50 ഓവര്‍ മത്സരത്തില്‍ മഴ കൂടി പങ്കെടുത്തതോടെ ഇരു കൂട്ടര്‍ക്കും 20 ഓവര്‍ വീതമായി മത്സരം പുനര്‍നിശ്ചയിച്ചു. ടോസ് വിജയിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയും ചെയ്തു. എന്നാല്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സംഘത്തിന് നേടാനായത്.
വിരാട് കോലി 34 പന്തില്‍ 43 റണ്‍സ് കണ്ടെത്തിയപ്പോള്‍, അവസാന ഓവറുകളില്‍ കത്തിക്കയറിയ ജഡേജയുടെ ഇന്നിങ്സാണ് ഇന്ത്യന്‍ ടോട്ടല്‍ 120 കടത്തിയത്. 25 പന്തില്‍ 33 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. ശിഖര്‍ ധവാന്‍ 24 പന്തില്‍ 31 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി രവി ബൊപ്പാര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.