സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളില്‍ വലയുന്ന ശ്രീലങ്കയ്ക്ക് ഈ വർഷത്തെ ഏഷ്യാ കപ്പ് നടത്തിപ്പവകാശം നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 70 വർഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദ്വീപ് രാഷ്ട്രം നേരിടുന്നത്. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ വേദിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗമാണ് ഇത്തവണത്തെ ഏഷ്യാ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുമെന്ന് അറിയിച്ചിരുന്നത്. ടി20 ഫോര്‍മാറ്റില്‍ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരുന്നത്.
നിലവില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ലങ്ക. ആഴ്ചകളായുള്ള വൈദ്യുതി തടസമടക്കമുള്ള കാരണങ്ങളാല്‍ ഐപിഎൽ സംപ്രേഷണമടക്കം നിർത്തിവച്ചിരുന്നു. ഇതോടെയാണ് ടൂര്‍ണമെന്‍റിന്‍റെ വേദി ലങ്കയ്‌ക്ക് പുറത്തേക്ക് മാറ്റാന്‍ എസിസി ആലോചിക്കുന്നത്.