കേരളം

kerala

ETV Bharat / sports

ഇനി പുതിയ റോളില്‍; ഡ്വെയ്ൻ ബ്രാവോ ഐപിഎല്ലില്‍ നിന്നും വിരമിച്ചു - ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഐ‌പി‌എൽ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബോളറെന്ന റെക്കോഡുമായാണ് ഡ്വെയ്ൻ ബ്രാവോ കളി മതിയാക്കുന്നത്.

Dwayne Bravo IPL retirement  Dwayne Bravo  IPL  Chennai Super Kings bowling coach Dwayne Bravo  Chennai Super Kings  ഡ്വെയ്ൻ ബ്രാവോ ഐപിഎൽ നിന്നും വിരമിച്ചു  ഡ്വെയ്ൻ ബ്രാവോ  ഐപിഎൽ  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഡ്വെയ്ൻ ബ്രാവോ ചെന്നൈ ബോളിങ് കോച്ച്
ഇനി പുതിയ റോളില്‍; ഡ്വെയ്ൻ ബ്രാവോ ഐപിഎല്ലില്‍ നിന്നും വിരമിച്ചു

By

Published : Dec 2, 2022, 5:45 PM IST

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ വെസ്‌റ്റ്‌ ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ൻ ബ്രാവോ ഐപിഎലില്‍ നിന്നും വിരമിച്ചു. പുതിയ സീസണിലേക്കുള്ള ലേലത്തിന് മുന്നോടിയായി ചെന്നൈ കൈവിട്ട താരം ടീമിന്‍റെ ബോളിങ്‌ പരിശീലകനായി എത്തുമെന്ന് ഫ്രാഞ്ചൈസി ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐപിഎൽ ചരിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബ്രാവോ പറഞ്ഞു. "പുതിയ യാത്രയ്ക്കായി കാത്തിരിക്കുകയാണ്. കളി ദിനങ്ങള്‍ പൂർണ്ണമായി അവസാനിച്ചതിന് ശേഷം ഞാൻ ചെയ്യുന്ന ഒരു കാര്യമാണിത്. ബോളർമാർക്കൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ആസ്വദിക്കുന്നു.

എന്നെ സംബന്ധിച്ച് ഏറെ ആവേശഭരിതനായ ഒരു റോളാണിത്. കളിക്കാരനിൽ നിന്ന് പരിശീലകനിലേക്ക്, എന്നെ കൂടുതൽ ക്രമീകരിക്കേണ്ടിവരുമെന്ന് ഞാൻ കരുതുന്നില്ല. കാരണം കളിക്കുമ്പോൾ, ഞാൻ എല്ലായ്‌പ്പോഴും ബോളർമാർക്കൊപ്പം പ്രവർത്തിക്കുകയും ബാറ്റര്‍മാരെക്കാള്‍ ഒരു പടി മുന്നിലെത്താനുള്ള പദ്ധതികളും ആശയങ്ങളും കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. ഒരേയൊരു വ്യത്യാസം ഞാൻ ഇനി മിഡ്-ഓണിലോ മിഡ്-ഓഫിലോ നിൽക്കില്ല എന്നതാണ്", ഡ്വെയ്ൻ ബ്രാവോ പറഞ്ഞു.

ഐ‌പി‌എൽ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയെ ബോളെറന്ന റെക്കോഡുമായാണ് ബ്രാവോ കളി മതിയാക്കുന്നത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തുന്ന ബോളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് രണ്ട് തവണ സ്വന്തമാക്കിയ ഏക താരം കൂടിയാണ് ബ്രാവോ. 2013, 2015 സീസണുകളിലായിരുന്നു വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പര്‍പ്പിള്‍ ക്യാപ് നേടിയത്.

2008 മുതല്‍ ഐപിഎല്ലിന്‍റെ ഭാഗമായ 39കാരന്‍ 2017ലെ സീസണില്‍ മാത്രമാണ് കളിക്കാതിരുന്നത്. മുംബൈ ഇന്ത്യൻസിനായി ആയിരുന്നു ഐപിഎല്‍ അരങ്ങേറ്റം. മുംബൈക്കൊപ്പം മൂന്ന് സീസണുകളില്‍ കളിച്ച താരം 2011ലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നത്.

2016ലും 2017ലും ചെന്നൈക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ ഗുജറാത്ത് ലയണ്‍സിലെത്തിയെങ്കിലും പരിക്കിനെ തുടര്‍ന്ന് 2017ല്‍ താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് 2018ല്‍ ചെന്നൈ തിരിച്ചെത്തിയപ്പോള്‍ ബ്രാവോയും ഒപ്പമുണ്ടായിരുന്നു. 2011 മുതൽ ചെന്നൈയുടെ അവിഭാജ്യ ഘടകമായും ബ്രാവോ മാറി.

ചെന്നൈക്കൊപ്പം 2011, 2018, 2021 വർഷങ്ങളിലെ ഐപിഎല്‍ കിരീടങ്ങളും 2014 ലെ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും ബ്രാവോ നേടിയിട്ടുണ്ട്. ടൂര്‍ണമെന്‍റില്‍ ആകെ 161 മത്സരങ്ങളില്‍ നിന്നും 183 വിക്കറ്റാണ് താരം നേടിയത്. 129.6 സ്‌ട്രൈക്ക് റേറ്റില്‍ 1560 റണ്‍സും ബ്രാവോ അടിച്ച് കൂട്ടിയിട്ടുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.

അതേസമയം കഴിഞ്ഞ വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റും ബ്രാവോ മതിയാക്കിയിരുന്നു. 2006ൽ ന്യൂസിലൻഡിനെതിരെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. ഏഴ് ടി20 ലോകകപ്പില്‍ വിന്‍ഡീസിനായി കളിച്ച ബ്രാവോ 2012ലും 2016ലും കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു.

ടെസ്റ്റില്‍ 40 മത്സരങ്ങളില്‍ 2200 റണ്‍സും 86 വിക്കറ്റും ബ്രാവോ സ്വന്തമാക്കിയിട്ടുണ്ട്. 164 ഏകദിനങ്ങളില്‍ നിന്ന് 2968 റണ്‍സും 199 വിക്കറ്റും സ്വന്തമാക്കിയ ബ്രാവോ ടി20യില്‍ 90 മത്സരങ്ങളില്‍ നിന്ന് 1245 റണ്‍സും 78 വിക്കറ്റും നേടിയിട്ടുണ്ട്.

also read:സഞ്‌ജുവുള്ളപ്പോള്‍ പടിദാര്‍ എന്തിന്?; രൂക്ഷ വിമര്‍ശനവുമായി സൈമൺ ഡൗൾ

ABOUT THE AUTHOR

...view details