ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമന്‍റില്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. വെസ്റ്റ് സോണ്‍ താരമായ രഹാനെ നോര്‍ത്ത് സോണിനെതിരെ 264 പന്തുകളില്‍ നിന്ന് 207 റണ്‍സ് നേടി പുറത്താവാതെ നിന്നു. 18 ഫോറുകളും ആറ് സിക്‌സും ഉള്‍പ്പെടുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്.
ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കാനും രഹാനെയ്‌ക്ക് കഴിഞ്ഞു. നിലവില്‍ 168 മത്സരങ്ങളില്‍ 12,188 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. 37 സെഞ്ചുറികളും 53 അര്‍ധ സെഞ്ചുറികളുമടക്കമാണ് രഹാനെ ഇത്രയും റണ്‍സ് നേടിയത്.
മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതോടെയാണ് രഹാനെ ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ കളിക്കാനിറങ്ങിയത്. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചുവരവിനായാണ് രഹാനെ ശ്രമിക്കുന്നത്.