ബെംഗളൂരു : ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റില്‍ സൗത്ത് സോണിന് കിരീടം. കരുത്തരായ വെസ്റ്റ് സോണിനെ തോല്‍പ്പിച്ചാണ് സൗത്ത് സോണ്‍ ചാമ്പ്യന്മാരായത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 75 റണ്‍സിനാണ് സൗത്ത് സോണ്‍ വെസ്റ്റ് സോണിനെ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സിന് ശേഷം സൗത്ത് സോണ്‍ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് സോണ്‍ 222 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സ്‌കോര്‍: സൗത്ത് സോണ്‍: 213, 230. വെസ്റ്റ് സോണ്‍: 146, 222.
മത്സരത്തിന്‍റെ അഞ്ചാം ദിനമായ ഇന്ന് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് സോണ്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ 40 റണ്‍സ് കൂട്ടിച്ചേർത്തപ്പോഴേക്കും ബാക്കിയുള്ള അഞ്ച് വിക്കറ്റുകള്‍ കൂടി സംഘം നഷ്‌ടപ്പെടുത്തി.
നാല് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിക്കൊണ്ട് ആര്‍. സായ് കിഷോറും വാസുകി കൗശിക്കുമാണ് വെസ്റ്റ് സോണിന്‍റെ നടുവൊടിച്ചത്. വിദ്വത് കവരെപ്പയും വിജയകുമാർ വൈശാഖും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. 211 പന്തുകളില്‍ 95 റണ്‍സ് നേടിയ നായകന്‍ പ്രിയങ്ക് പഞ്ചാലാണ് വെസ്റ്റ് സോണിന്‍റെ ടോപ് സ്‌കോറര്‍.
76 പന്തുകളില്‍ 48 റണ്‍സെടുത്ത സർഫറാസ് ഖാന്‍ ആണ് ചെറുത്തുനില്‍പ്പിന് ശ്രമിച്ച മറ്റൊരു താരം. പൃഥ്വി ഷാ(7), ഹാർവിക് ദേശായി (4), ചേതേശ്വർ പുജാര (15), സൂര്യകുമാർ യാദവ് (4), അതിദ് ഷേത് (9), ഷാംസ് മുലാനി (2),ധർമേന്ദ്ര സിങ് ജഡേജ (15), ചിന്ദന്‍ ഗാജ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. അർസാന്‍ നാഗവസ്വാല (0*) പുറത്താവാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ പൃഥ്വി ഷാ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ചേതേശ്വര്‍ പുജാരയ്‌ക്കും സൂര്യകുമാര്‍ യാദവിനും ഒരക്കം കടക്കാന്‍ കഴിഞ്ഞിരുന്നില്ല.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൗത്ത് സോണ്‍ 213 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് സോണിന്‍റെ ഇന്നിങ്സ് 146 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതോടെ 67 റണ്‍സിന്‍റെ നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സൗത്ത് സോണ്‍ 230 റണ്‍സ് നേടിയാണ് വെസ്റ്റ് സോണിന് മുന്നില്‍ മികച്ച വിജയ ലക്ഷ്യം ഉയര്‍ത്തിയത്.
ALSO READ: Ruturaj Gaikwad | 'സ്വര്‍ണം കഴുത്തിലണിഞ്ഞ് ദേശീയ ഗാനം കേൾക്കണം'; റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഏഷ്യന്‍ ഗെയിംസ് സ്വപ്‌നം
89 പന്തുകളില്‍ 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹനുമ വിഹാരിയായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് സോണിന്‍റെ ടോപ് സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍ (35), റിക്കി ഭുയി (37), മലയാളി താരം സച്ചിന്‍ ബേബി (28), വാഷിങ്ടണ്‍ സുന്ദര്‍ (37), വി വൈശാഖ് (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ മൂന്ന് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ തിലക് വര്‍മയ്‌ക്ക് തിളങ്ങാനായില്ല. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദുലീപ് ട്രോഫിയില്‍ വീണ്ടും സൗത്ത് സോണ്‍ ചാമ്പ്യന്മാരാവുന്നത്.