'വെസ്റ്റ് ഇന്‍ഡീസ്'ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് എതിരാളികള്‍ ഭയപ്പെട്ടിരുന്ന ടീം. കളിക്കളത്തിലെ ഏത് വമ്പന്‍മാരെയും തീ തുപ്പുന്ന പന്തുകള്‍ കൊണ്ടും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും വിറപ്പിച്ചിരുന്നവര്‍. അവര്‍ക്കെതിരെ സ്വന്തം ടീം കളിക്കാനിറങ്ങുമ്പോള്‍ ആരാധകര്‍ ആശങ്കയോടെയായിരുന്നു ഗാലറിയിലും ടിവിയ്‌ക്ക് മുന്നിലും ഇരുന്ന് ആ മത്സരം കണ്ടിരുന്നത്. എന്നാല്‍, ഇന്ന് കഥ മാറി. കുഞ്ഞന്മാരായ എതിരാളികള്‍ക്ക് മുന്നില്‍ പോലും ഒന്ന് പോരാടാനാകാതെ, തിരിച്ചടിക്കാനാകാതെ അവര്‍ കീഴടങ്ങുന്നു... ഒടുവില്‍ ഏകദനിക ക്രിക്കറ്റ് ലോകകപ്പിലേക്ക് യോഗ്യത പോലും നേടാനാകാതെ അവര്‍ മടങ്ങുന്നു...48 വര്‍ഷത്തെ ചരിത്രത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇല്ലാത്ത ആദ്യ ലോകകപ്പിനാണ് ഇന്ത്യ വേദിയാകാന്‍ ഒരുങ്ങുന്നത്.
1970-1990 കാലഘട്ടം, ലോക ക്രിക്കറ്റില്‍ 'കിരീടം വച്ച രാജാക്കന്മാര്‍' തന്നെയായിരുന്നു വെസ്‌റ്റ് ഇന്‍ഡീസ്. ഇക്കാലയളവില്‍ രണ്ട് തവണ വിശ്വകിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്ക് സാധിച്ചു. 1975, 1979 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പ് (Prudential Cup) ഉയര്‍ത്തി അവര്‍ ലോകത്തെ തന്നെ ഞെട്ടിച്ചു.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ലോകകപ്പില്‍ കപിലിന്‍റെ ചെകുത്താന്മാരോട് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും തുടര്‍ച്ചയായ മൂന്ന് ഫൈനലുകള്‍ എന്നത് ചരിത്രത്താളുകളില്‍ തന്നെ എഴുതിച്ചേര്‍ക്കപ്പെട്ടു. പിന്നീട് ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ഇന്ത്യ ടീമുകള്‍ പതിയെ പതിയെ ക്രിക്കറ്റില്‍ തങ്ങളുടേതായ സ്ഥാനം പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ വിന്‍ഡീസിന്‍റെ കരുത്ത് പതിയെ കുറഞ്ഞുതുടങ്ങി.
എങ്കിലും അന്നും അവര്‍ പ്രതിഭകളാല്‍ സമ്പന്നരായിരുന്നു. ക്ലൈവ് ലോയ്‌ഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, കര്‍ട്‌ലി ആംബ്രോസ് എന്നിവരുടെ പാരമ്പര്യം ബ്രയാന്‍ ലാറ, ശിവ്‌നരെയ്‌ന്‍ ചന്ദര്‍പോള്‍, ക്രിസ് ഗെയില്‍ എന്നിവരിലൂടെയും തുടര്‍ന്നു. എങ്കിലും 1979ല്‍ അവസാനമായി നേടിയ വിശ്വകിരീടം വീണ്ടും സ്വന്തമാക്കുക എന്നത് അവര്‍ക്കൊരു സ്വപ്‌നം മാത്രമാവുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസും ടി20 ക്രിക്കറ്റും:ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ പ്രതാപം നഷ്‌ടപ്പെട്ടുകൊണ്ടിരുന്ന വെസ്റ്റ് ഇന്‍ഡീസിന് ക്രിക്കറ്റിന്‍റെ കുട്ടിഫോര്‍മാറ്റില്‍ മറ്റൊരു മുഖമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ പലതാരങ്ങള്‍ക്കും ടി20യില്‍ കരുത്ത് കാട്ടാന്‍ സാധിച്ചു. ക്രിസ് ഗെയില്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്‌ന്‍ ബ്രാവോ എന്നിവരെല്ലാം ഈ ഫോര്‍മാറ്റില്‍ ഇതിഹാസങ്ങളായി.