ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസിലെ (Asian Games 2023) നേപ്പാള്‍-മംഗോളിയ ( Nepal vs Mongolia) മത്സരത്തില്‍ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിലെ പല വമ്പന്‍ റെക്കോഡുകളും തകര്‍ക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തിലൊന്നാണ് ടി20യിലെ ഏറ്റവും വേഗത്തിലുള്ള അര്‍ധ സെഞ്ചുറിയെന്ന ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ യുവ്‌രാജ് സിങ്ങിന്‍റെ റെക്കോഡ്. നേപ്പാള്‍ ഓള്‍ റൗണ്ടര്‍ ദിപേന്ദ്ര സിങ് ഐറിയാണ് യുവിയുടെ വമ്പന്‍ റെക്കോഡ് പൊളിച്ചത് (Dipendra Singh Airee breaks Yuvraj Singh record).
2007-ലെ ടി20 ലോകകപ്പില്‍ 12 പന്തുകളിലായിരുന്നു ഇന്ത്യന്‍ താരം അര്‍ധ സെഞ്ചുറി തികച്ചത്. എന്നാല്‍ മംഗോളിയയ്‌ക്ക് എതിരെ പ്രസ്‌തുത നേട്ടത്തിലേക്ക് എത്താന്‍ വെറും ഒമ്പത് പന്തുകളാണ് ദിപേന്ദ്ര സിങ് ഐറിയ്‌ക്ക് വേണ്ടിവന്നത്. അന്ന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവി ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയപ്പോള്‍, മംഗോളിയയ്‌ക്ക് എതിരെ തുടര്‍ച്ചയായ ആറ് സിക്‌സറുകള്‍ പറത്താന്‍ ദിപേന്ദ്ര സിങ് ഐറിയ്‌ക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ് (Dipendra Singh Airee hits 6 Consecutive Sixes) .
ഗാംങ്ഷൂവിലെ ചെറിയ ഗ്രൗണ്ടാണ് ദിപേന്ദ്ര സിങ് ഐറിയുടെ വെടിക്കെട്ടിന് തുണയായത്. അന്താരാഷ്‌ട്ര തലത്തില്‍ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്ന മംഗോളിയയ്‌ക്ക് എതിരെ 19-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് പൗഡൽ പുറത്തായതോടെയാണ് ദിപേന്ദ്ര സിങ് ഐറി ക്രീസിലെത്തുന്നത്. ഓവറില്‍ ശേഷിക്കുന്ന അഞ്ച് പന്തുകളും സിക്‌സറിന് പറത്തിയാണ് താരം കളം നിറഞ്ഞത്.
തുടര്‍ന്ന് ഇരുപതാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച താരം മംഗോളിയന്‍ ബോളര്‍മാരെ രണ്ട് തവണ കൂടി അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മത്സരത്തില്‍ പുറത്താവാതെ 10 പന്തുകളില്‍ എട്ട് സിക്‌സുകളടക്കം 52 റണ്‍സായിരുന്നു നേപ്പാള്‍ താരം നേടിയത്.