മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഫെബ്രുവരി ഒമ്പതിന് നാഗ്‌പൂരിലാണ് നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. പരമ്പരയ്‌ക്കായി ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് ഓസീസ് താരം മാർനസ് ലബുഷെയ്‌ന്‍ നടത്തിയ ട്വീറ്റും അതിന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് നല്‍കിയ മറുപടിയും രസകരമാണ്.
കാപ്പി നിറച്ച തന്‍റെ ബാഗേജിന്‍റെ ഫോട്ടോയാണ് ലബുഷെയ്‌ന്‍ പങ്കുവച്ചത്. ബാഗില്‍ എത്ര കാപ്പിയുണ്ടെന്ന് ഊഹിക്കാമോയെന്ന് താരം ആരാധകരോട് ചോദിക്കുകയും ചെയ്‌തു. ഈ ട്വീറ്റിന് നല്ല സൂപ്പര്‍ കാപ്പി ഇന്ത്യയില്‍ കിട്ടുമെന്നാണ് കാര്‍ത്തിക് മറുപടി നല്‍കിയത്.
കാര്‍ത്തികിന്‍റെ അഭിപ്രായത്തോട് യോജിച്ച നിരവധി പേര്‍ ലബുഷെയ്‌ന്‍റെ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഫില്‍റ്റര്‍ കോഫി അടിപൊളിയാണെന്നാണ് ചിലര്‍ പറയുന്നത്. ലബുഷെയ്‌നെ കൂടാതെ ലെഗ് സ്‌പിന്നർ ആദം സാംപയും ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസും ഉള്‍പ്പെടെയുള്ളവര്‍ ഓസീസ് ടീമിലെ കാപ്പി പ്രേമികളാണ്.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ പരമ്പരയ്‌ക്കെത്തിയപ്പോളും ലബുഷെയ്‌ന്‍ തന്‍റെ കാപ്പിപ്പെട്ടി കയ്യില്‍ കരുതിയിരുന്നു. അതേസമയം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള 18 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്താണ് വൈസ് ക്യാപ്റ്റന്‍.