മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭാ ധാരാളിത്തത്തിന്‍റെ കാലമാണിത്. ടെസ്റ്റോ, ടി20യോ, ഏകദിനമോ ആവട്ടെ നിരവധി കളിക്കാരാണ് പ്ലേയിങ് ഇലവനിലേക്ക് അവസരം കാത്തുനില്‍ക്കുന്നത്. ഇതോടെ പലപ്പോഴും പല താരങ്ങള്‍ക്കും അര്‍ഹിക്കുന്ന അവസരങ്ങൾ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരാറുണ്ട്.
എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ വിരാട് കോലിയുടെ പകരക്കാരനെ തേടുകയാണെങ്കില്‍ അത് രാഹുൽ ത്രിപാഠി ആയിരിക്കണമെന്നാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് പറയുന്നത്. തികഞ്ഞ ആക്രമണോത്സുകത പുലര്‍ത്തുന്ന 31കാരനായ ത്രിപാഠി മികച്ച ഒരു ടീം പ്ലെയറാണെന്നും കാര്‍ത്തിക് പറഞ്ഞു.
"ഞാൻ പറയുന്നത് രാഹുൽ ത്രിപാഠിക്ക് വേണ്ടിയല്ല. ഇത് ഇന്ത്യൻ ക്രിക്കറ്റിനെ വളരെ അടുത്ത് പിന്തുടരുന്ന എല്ലാ ആരാധകർക്കും വേണ്ടിയുള്ളതാണ്. ദയവായി സമീപഭാവിയിൽ താത്‌കാലിക ഓർമ്മക്കുറവ് ഉണ്ടാകരുത്.
കാരണം ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് ത്രിപാഠി നടത്തിയിട്ടുള്ളത്. അടുത്ത മൂന്നോ, അല്ലെങ്കില്‍ ആറോ മാസത്തിനുള്ളില്‍ നമ്മളത് മറക്കാന്‍ പാടില്ല. ചിലപ്പോള്‍ വരാനിരിക്കുന്ന ഐപിഎല്ലിലും അവന്‍ തിളങ്ങും, ഒരു പക്ഷെ അങ്ങനെയാവാതെയുമിരിക്കാം.
എന്നാല്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ അവന്‍ അര്‍ഹിക്കുന്നുണ്ട്. വിരാട് കോലി കളിക്കുന്നുണ്ടെങ്കില്‍ അതങ്ങനെ തന്നെയാവട്ടെ. മറിച്ചാണെങ്കില്‍ എപ്പോഴും ഫസ്‌റ്റ് ചോയ്‌സ് ത്രിപാഠിയായിരിക്കണം. മറ്റെവിടെയെങ്കിലും നന്നായി കളിച്ച മറ്റൊരാളാവരുത്", ദിനേശ് കാര്‍ത്തിക് ഒരു ചര്‍ച്ചയില്‍ പറഞ്ഞു.
എത്ര വലിയ മത്സരമായാലും ടീമിന് ആവശ്യമുള്ള രീതിയില്‍ കളിക്കുന്ന താരമാണ് ത്രിപാഠിയെന്നും കാര്‍ത്തിക് വ്യക്തമാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ത്രിപാഠിയും കാര്‍ത്തികും നേരത്തെ ഒന്നിച്ച് കളിച്ചിട്ടുണ്ട്. അതേസമയം ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ തുടക്കത്തില്‍ തന്നെ ഇഷാന്‍ കിഷനെ നഷ്‌ടപ്പെട്ട് പ്രതിരോധത്തിലായ ഇന്ത്യയെ ട്രാക്കിലാക്കിയത് ത്രിപാഠിയുടെ ഇന്നിങ്‌സായിരുന്നു.
കിവീസ് ബോളര്‍മാരെ വെള്ളം കുടിപ്പിച്ച താരം 22 പന്തില്‍ 44 റണ്‍സടിച്ച് കൂട്ടിയാണ് മടങ്ങിയത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടെ 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ത്രിപാഠിയുടെ പ്രകടനം. മത്സരത്തില്‍ ഇന്ത്യ 168 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിരുന്നു.
ALSO READ:കോലിയെ പുറത്താക്കണോ? ഇത് മാത്രം ചെയ്‌താൽ മതി; ഓസീസ് ടീമിന് തന്ത്രവുമായി മുൻ താരം