മുംബൈ :ഈ വര്‍ഷം അവസാനത്തില്‍ സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്‍റെ തയ്യാറെടുപ്പുകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ശ്രീലങ്കയ്‌ക്കും ന്യൂസിലന്‍ഡിനുമെതിരായ പരമ്പര തൂത്തുവാരിക്കൊണ്ട് തുടങ്ങാന്‍ കഴിഞ്ഞുവെങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ തോല്‍വി വഴങ്ങിയത് ഇന്ത്യയ്‌ക്ക് ക്ഷീണമായിരുന്നു.
ഓസീസിനെതിരായ മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ കൈവിട്ടത്. ആദ്യ മത്സരത്തില്‍ അതിഥേയര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞുവെങ്കിലും തുടര്‍ന്നുള്ള രണ്ട് ഏകദിനങ്ങളും പിടിച്ചാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. പേരുകേട്ട ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതായിരുന്നു ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഐപിഎല്ലിന് ശേഷമാവും താരങ്ങള്‍ ഇനി വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുക.
ഇതിനിടെ ഇന്ത്യന്‍ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. കാര്‍ത്തിക്കിനെ സംബന്ധിച്ച് രോഹിത് ശര്‍മയും വിരാട് കോലിയും ജസ്‌പ്രീത് ബുംറയും ഒന്നുമല്ല ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം. പേസ്‌ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനിയെന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്.
"ഇന്ത്യന്‍ ലൈനപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട താരം ഹാര്‍ദിക് പാണ്ഡ്യ ആണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കാരണം ബോളുകൊണ്ടും ബാറ്റുകൊണ്ടും ഒരു പോലെ ടീമിന് മുതല്‍ക്കൂട്ടാവാന്‍ ഹാര്‍ദിക്കിന് കഴിയും. മീഡിയം പേസ് എറിയാന്‍ കഴിയുന്ന ഒരു ബാറ്റിങ് ഓള്‍റൗണ്ടറെ കിട്ടുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്.
സ്‌പിന്‍ ഓള്‍ റൗണ്ടര്‍മാരായി നമുക്ക് രണ്ട് മൂന്ന് കളിക്കാരുണ്ട്. എന്നാല്‍ ഫാസ്റ്റ് ബോളിങ് ഓള്‍ റൗണ്ടറെ കിട്ടാന്‍ പ്രയാസമാണ്" - ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് കാര്‍ത്തിക്കിന്‍റെ പ്രതികരണം.