മുംബൈ: ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ പുതിയ ഒരു ടി20 ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ടീമിന്‍റെ മുഴുവൻ സമയ നായകനായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും രോഹിത് ശർമ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഹാര്‍ദിക് പിൻഗാമിയായെത്തുമെന്നാണ് വിലയിരുത്തല്‍. ക്യാപ്റ്റൻ എന്ന നിലയിൽ മതിപ്പുളവാക്കിയ താരം ടീമില്‍ ചില മാറ്റങ്ങളും നടത്താന്‍ ശ്രമിക്കുന്നുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിലെ അവസാന ഓവര്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിന് നല്‍കിയതും രണ്ടാം മത്സരത്തില്‍ ഹർഷൽ പട്ടേലിനെ ഒഴിവാക്കി അർഷ്‌ദീപ് സിങ്ങിനെ ടീമിലെത്തിച്ചതും ഹാർദികിന്‍റെ പരീക്ഷണങ്ങളില്‍ ചിലതാണ്. ഹാര്‍ദിക്കിന്‍റെ ഇത്തരം നടപടികളെ ചോദ്യം ചെയ്‌തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം അജയ് ജഡേജ.
'പഴയ സിസ്റ്റം' മാറ്റേണ്ടതിലെ ആവശ്യകതയാണ് അജയ് ജഡേജ ചോദ്യം ചെയ്യുന്നത്. ടി20 ടീമിന്‍റെ ക്യാപ്റ്റന്മാര്‍ എന്തുകൊണ്ടാണ് 'പഴയ സിസ്റ്റം' മാറ്റാന്‍ ശ്രമിക്കുന്നതെന്ന് അജയ് ജഡേജ ഒരു ചാറ്റ് ഷോയില്‍ ചോദിച്ചു.
"വിരാട് കോലി നായകനായപ്പോള്‍ ടീമിന്‍റെ കളി ശൈലി മാറ്റാന്‍ ശ്രമിച്ചു. രോഹിത് ശര്‍മ ചുമതലയേറ്റപ്പോഴും അദ്ദേഹത്തിന് ടീമിന്‍റെ കളി ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടായിരുന്നു. ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെത്തിയപ്പോഴും ഇന്ത്യന്‍ ടീമിനെ മാറ്റണം. എന്തുകൊണ്ടാണ് ക്യാപ്റ്റന്മാരായെത്തുന്ന ഓരോര്‍ത്തരും 'പഴയ സിസ്റ്റം' മാറ്റാന്‍ ശ്രമിക്കുന്നത്. എന്ത് പ്രശ്‌നമാണ് അതിനുള്ളത്?". അജയ് ജഡേജ ചോദിച്ചു.
ഇന്ത്യയുടെ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും ചാറ്റ് ഷോയുടെ ഭാഗമായിരുന്നു. ഐസിസി ഇവന്‍റുകളില്‍ ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതിനാലാണ് ക്യാപ്റ്റന്മാര്‍ കളി ശൈലി മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് കാര്‍ത്തിക് അജയ് ജഡേജയ്‌ക്ക് മറുപടി നല്‍കിയത്.