രാജ്‌കോട്ട്:ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. പ്രോട്ടീസിനെതിരായ നാലാം ടി20 മത്സരത്തിലെ വിജയത്തിന് പിന്നാലെ കാര്‍ത്തിക്കുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ഹാര്‍ദിക് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ടീമില്‍ വീണ്ടും തിരിച്ചെത്തുമെന്ന് കാര്‍ത്തിക് പറഞ്ഞിരുന്നതായും ഹാര്‍ദിക് വെളിപ്പെടുത്തി.
"എനിക്കിത് നിങ്ങളോട് പറയണം, സത്യമായും നിങ്ങൾ നിരവധി പേര്‍ക്ക് അവരുടെ ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്. കാര്യങ്ങള്‍ നിങ്ങളുടെ വരുതിയില്‍ അല്ലാതിരുന്നപ്പോള്‍, അന്ന് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഓര്‍മിക്കുന്നു.
ഇന്ത്യയ്‌ക്ക് വേണ്ടി വീണ്ടും കളിക്കുകയും, ഈ ലോകകപ്പ് കളിക്കുകയുമാണ് ലക്ഷ്യമെന്നും, അതിനായി എല്ലാം നല്‍കുമെന്നും അന്ന് നിങ്ങൾ എന്നോട് പറഞ്ഞിരുന്നു. നിങ്ങളത് നേടുന്നത് കാണുന്നത് ശരിക്കും പ്രചോദനമാണ്. ഇതുവഴി പലരും പുതിയ കാര്യങ്ങൾ പഠിക്കാൻ പോകുന്നു. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു", ഹാര്‍ദിക് പണ്ഡ്യ പറഞ്ഞു.
അതേസമയം ഐപിഎല്ലിലെ മിന്നും പ്രകടനം പ്രോട്ടീസിനെതിരെ ഇന്ത്യന്‍ കുപ്പായത്തിലും തുടരുകയാണ് ദിനേഷ് കാര്‍ത്തിക്. പ്രോട്ടീസിനെതിരായ നാലാം ടി20യില്‍ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവാനും കാര്‍ത്തിക്കിന് കഴിഞ്ഞു.
അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം കാര്‍ത്തിക് പടുത്തുയര്‍ത്തിയ 65 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നെടുംതൂണായത്. 27 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 55 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 31 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദിക്കും തിളങ്ങി.
also read: 'പ്രായം നോക്കണ്ട, എന്താണ് ചെയ്യുന്നതെന്ന് നോക്കൂ'; ടി20 ലോകകപ്പില്‍ കാര്‍ത്തിക് വേണമെന്ന് ഗവാസ്‌കര്‍
മത്സരത്തില്‍ 82 റണ്‍സിന്‍റെ ഉജ്ജ്വല വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന് 87 റണ്‍സ് എടുക്കാനെ സാധിച്ചുളളൂ. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാനാണ് പ്രോട്ടീസിനെ തകര്‍ത്തത്. 20 റണ്‍സ് നേടിയ വാന്‍ ഡെര്‍ ദസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. എട്ട് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല.