ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആരാവും എത്തുകയെന്ന ആകാംഷയിലാണ് ആരാധകര്‍. കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ തമ്മിലാണ് സ്ഥാനത്തിനായി മത്സരമുള്ളത്. ഇരുവര്‍ക്കും തങ്ങളുടേതായ ശക്തിയും ദൗര്‍ബല്യവുമുള്ളതിനാല്‍ പ്ലേയിങ് ഇലവനില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വിദഗ്‌ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. തുടര്‍ച്ചയുടെ ഭാഗമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ കെഎസ് ഭരത് തന്നെയാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുകയെന്നാണ് കാര്‍ത്തിക് വിശ്വസിക്കുന്നത്.
"തുടർച്ച കാരണം മാത്രമാണ് ഞാൻ കെഎസ് ഭരത്തിലേക്ക് പോകുന്നത്. അവന്‍ ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ, അവന് ഒരു അവസരം കൂടി നൽകുക.
ബാറ്റിങ്ങില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ഭരത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മികച്ചതായി കാണപ്പെട്ടു. പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്നതിനായി അവന്‍ പരിശ്രമിച്ചിരുന്നു. ഈ മത്സരം അവനെ സംബന്ധിച്ച് ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു", ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ഇംഗ്ലണ്ടിൽ വിക്കറ്റ് കീപ്പിങ്ങിന് വളരെയധികം വൈദഗ്ധ്യം ആവശ്യമാണെന്ന് പറഞ്ഞ കാര്‍ത്തിക് ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്താന്‍ കഴിയുമെങ്കിലും ഭരത്തിന് തുടർച്ചയുണ്ടാവുമെന്ന് വീണ്ടും ആവര്‍ത്തിച്ചു. "ഇംഗ്ലണ്ടിൽ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നതിന് കുറച്ച് വൈദഗ്ദ്ധ്യം ആവശ്യമാണ്. ഇഷാൻ കിഷന് മികച്ച രീതിയില്‍ തന്നെ അതിന് കഴിയുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാൽ ശുദ്ധമായ തുടർച്ചയ്ക്കായി, ഭരത്തിനൊപ്പം നില്‍ക്കേണ്ടതുണ്ട്" കാർത്തിക് കൂട്ടിച്ചേർത്തു.