ന്യൂഡല്‍ഹി:ടി20 ലോകകപ്പിന്‍റെ ഭാഗമായി മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ ഉപദേഷ്ടാവാകുന്നത് പ്രതിഫലം കൈപ്പറ്റാതെയാണെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. വാര്‍ത്ത ഏജന്‍സിയോടാണ് ബിസിസിഐ പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്.
2019 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച 40 കാരനായ താരം നിലവില്‍ ഐപിഎല്ലിന്‍റെ തിരക്കിലാണ്. വെള്ളിയാഴ്ച നടക്കുന്ന 14ാം സീസണിന്‍റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീണ്ടും കിരീടത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് താരം.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളായ ധോണിയുടെ മുന്‍പരിചയവും തന്ത്രങ്ങളും ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തല്‍. 2007 ലെ ടി20 ലോക കപ്പും 2011ലെ ഏകദിന ലോകകപ്പും ധോണിയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്.
also read: ' എന്‍റെ അവസാന ഐപിഎല്‍ മത്സരം വരെ ആര്‍സിബിയോടൊപ്പമുണ്ടാവും'; നായക സ്ഥാനത്ത് നിന്നും കോലിക്ക് കണ്ണീരോടെ പടിയിറക്കം
ഇന്ത്യയ്‌ക്കായി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി20 മത്സരങ്ങളും കളിച്ച താരം യഥാക്രമം 4876, 10773, 1617 റണ്‍സുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാറ്റിയ ടി20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് നടക്കുക.