മുംബൈ: സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് മുംബൈയുടെ വെറ്ററൻ ഫാസ്റ്റ് ബോളറായ ധവാൽ കുൽക്കർണി. തന്‍റെ സമീപത്ത് വീണ യുവതിയെ ഒന്ന് സഹായിക്കാൻ പോലും മുതിരാത്തതിന്‍റെ പേരിലാണ് ധവാല്‍ കുല്‍ക്കര്‍ണിയെ സോഷ്യല്‍ മീഡിയ എടുത്തിട്ട് അലക്കുന്നത്. പാപ്പരാസികൾ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശര്‍മ നടത്തിയ പാര്‍ട്ടിക്കായി ഒരു റെസ്റ്റോറന്‍റിലേക്ക് കുല്‍ക്കര്‍ണി എത്തുമ്പോഴാണ് സംഭവം നടന്നത്. തന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ആയിരുന്നു രോഹിത് പാര്‍ട്ടി സംഘടിപ്പിച്ചത്. ഏപ്രില്‍ 30നാണ് രോഹിത് തന്‍റെ 36-ാം ജന്മദിനം ആഘോഷിക്കുന്നത്.
അന്നേ ദിവസം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നതിനാലാണ് പാര്‍ട്ടി വെള്ളിയാഴ്‌ച നടത്തിയത്. മുംബൈ ഇന്ത്യൻസിനായി നേരത്തെ കളിച്ചിട്ടുള്ള താരമാണ് ധവാല്‍ കുല്‍ക്കര്‍ണി. പാര്‍ട്ടി നടക്കുന്ന റെസ്റ്റോറന്‍റിലേക്ക് താരം നടന്നു പോകുമ്പോൾ അവിടെ നിന്ന് ഇറങ്ങിയ ഒരു യുവതി ബാലന്‍സ് തെറ്റി സബ്‌വേ ബാരിക്കേഡുകൾക്ക് മുകളിലൂടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
എന്നാല്‍, യുവതിയെ ഒന്ന് സഹായിക്കാൻ പോലും ധവാല്‍ കുല്‍ക്കര്‍ണി ശ്രമിക്കാതിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സഹായിച്ചില്ലെന്നത് പോട്ടെ, ഇതിനിടെ താരം ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്‌തു. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്.
ധവാലിന്‍റെ പ്രവൃത്തി ഏറെ സങ്കടകരമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സ്‌ത്രീകളോട് ഒട്ടും ബഹുമാനമില്ലാത്തയാളാണ് ധവാലെന്നും ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്. താഴെ വീണ് കിടക്കുന്ന ഒരു സ്‌ത്രീയെ കണ്ടിട്ടും ക്യാമറയ്‌ക്ക് മുന്നില്‍ പോസ് ചെയ്‌ത താരം എത്ര പ്രശസ്‌തനായതുകൊണ്ടും കാര്യമില്ലെന്നും ചിലര്‍ പറയുന്നുണ്ട്.