നവി മുംബൈ :വനിത പ്രീമിയർ ലീഗിൽ തോൽവിയുടെ പടുകുഴിയിൽ നിന്ന് കരകയറാനാകാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഡൽഹി ക്യാപിറ്റൽസിനെതിരെ ആറ് വിക്കറ്റ് തോൽവി വഴങ്ങിയതോടെ ലീഗിൽ ആര്‍സിബിയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 150 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ രണ്ട് പന്തുകൾ ബാക്കിയാക്കിയാണ് ഡൽഹി ക്യാപിറ്റൽസ് ജയത്തിലെത്തിയത്. 15 പന്തിൽ 29 റൺസ് നേടിയ ജെസ് ജൊനാസ്, 32 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്ന മരിസാനെ കാപ്പ് എന്നിവരാണ് ഡൽഹിയെ ജയത്തിലെത്തിച്ചത്.
151 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡൽഹിയെ വിറപ്പിച്ചുകൊണ്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തുടങ്ങിയത്. ഇന്നിങ്‌സിന്‍റെ രണ്ടാം പന്തിൽ തന്നെ ഓപ്പണറായ വെടിക്കെട്ട് ബാറ്റർ ഷെഫാലി വെർമയെ മടക്കി. സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രം നിൽക്കെ മേഗൻ സ്‌കട്ടിന്‍റെ പന്തിൽ ഗോൾഡൻ ഡക്കായാണ് ഷെഫാലി മടങ്ങിയത്.
പിന്നീട് ക്രീസിലെത്തിയ ആലീസ് കാപ്‌സി ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്‌കോർ ഉയർന്നു. 24 പന്തിൽ 8 ഫോറുകൾ അടക്കം 38 റൺസ് നേടിയാണ് കാപ്‌സി പുറത്തായത്. പ്രീതി ബോസിന്‍റെ ബോളിൽ എലിസി പെറിക്ക് പിടി നൽകിയാണ് താരം മടങ്ങിയത്. പിന്നീട് ക്രീസിൽ ഒത്തുചേർന്ന മെഗ് ലാനിങ്ങും ജെമീമ റോഡ്രിഗസും ചേർന്ന് നാലാം വിക്കറ്റിൽ 25 റൺസ് കൂട്ടിച്ചേർത്തു. മെഗ് ലാനിങ്ങിനെ ഹെതർ നൈറ്റിന്‍റെ കൈകളിലെത്തിച്ച് മലയാളി താരം ആശ ശോഭനയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 14 പന്തിൽ 15 റൺസ് മാത്രമാണ് ലാനിങ്ങിന് നേടാനായത്.