ദുബായ്:ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) 2023 ഡിസംബറിലെ മികച്ച വനിതാ താരമായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മ. (Deepti Sharma wins ICC Women's Player of the Month award for December 2023) സഹതാരം ജെമിമ റോഡ്രിഗസ്, സിംബാബ്‌വെയുടെ 41-കാരി സ്പിന്നർ പ്രെഷ്യസ് മാരഞ്ച് എന്നിവരെയാണ് ദീപ്‌തി പിന്നിലാക്കിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് മികച്ച പുരുഷ താരം.
26-കാരിയായ ദീപ്‌തി ഇതാദ്യമായാണ് ഐസിസിയുടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബറില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമികള്‍ക്കെതിരെ പുറത്തെടുത്ത ഓള്‍റൗണ്ടിങ് മികവാണ് ദീപ്‌തിയ്‌ക്ക് തുണയായത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് മത്സരമായിരുന്നു ഇന്ത്യ കളിച്ചത്.
നവി മുംബൈയില്‍ ഇംഗ്ലീഷ് വനിതകള്‍ക്കെതിരെ ഇന്ത്യ 347 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടിയപ്പോള്‍ ദീപ്‌തിയുടെ പ്രകടനം ഏറെ നിര്‍ണായകമായി. രണ്ട് ഇന്നിങ്‌സുകളിലായി ആകെ ഒമ്പത് വിക്കറ്റുകളും 87 റണ്‍സുമായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്കായി 113 പന്തുകളില്‍ നിന്നും 67 റണ്‍സായിരുന്നു താരം നേടിയത്. മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകളുമായി താരം നടുവൊടിച്ചു.
വെറും 5.3 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ദീപ്‌തിയുടെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ഒരു ടെസ്റ്റില്‍ അര്‍ധ സെഞ്ചുറിയും അഞ്ചോ അതില്‍ അധികമോ വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിത താരമെന്ന നേട്ടവും ഇതോടെ ദീപ്‌തി സ്വന്തമാക്കിയിരുന്നു. ശുഭാംഗി കുൽക്കർണിയാണ് (Shubangi Kulkarni) ദീപ്‌തിയ്‌ക്ക് മുന്നേ, ഇന്ത്യയ്‌ക്കായി ഒരു ടെസ്റ്റില്‍ അര്‍ധ സെഞ്ചുറിയും അഞ്ചിലേറേ വിക്കറ്റുകളും നേടിയ താരം.