ന്യൂഡൽഹി: വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണർ നയിക്കും. ടീമിന്‍റെ നായകൻ റിഷഭ് പന്ത് അപകടത്തെത്തുടർന്ന് ഐപിഎൽ സീസണിൽ നിന്ന് പുറത്തായതോടെയാണ് വാർണറെ തേടി ക്യാപ്‌റ്റൻ സ്ഥാനം എത്തിയത്. പന്തിന്‍റെ അഭാവത്തിൽ വാർണർ ക്യാപ്‌റ്റനാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇന്നാണ് ടീം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. അക്‌സർ പട്ടേലാണ് ടീമിന്‍റെ വൈസ് ക്യാപ്‌റ്റൻ.
'റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിന് ഒരു മികച്ച നേതാവായിരുന്നു. ഇത്തവണ ഞങ്ങൾ എല്ലാപേരും അദ്ദേഹത്തെ മിസ് െചയ്യും. എപ്പോഴും എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന് ഞാൻ മാനേജ്‌മെന്‍റിനോട് നന്ദി പറയുന്നു. ഈ ഫ്രാഞ്ചൈസി എനിക്ക് എപ്പോഴും എന്‍റെ വീടിന് തുല്യമായിരുന്നു. മാത്രമല്ല ഇത്രയും മികച്ച കഴിവുള്ള ഒരു കൂട്ടം കളിക്കാരെ നയിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. അവരെയെല്ലാം കാണാനും അടുത്ത് ഇടപഴകാനും ഞാൻ കാത്തിരിക്കുകയാണ്. വാർണർ പറഞ്ഞു.
നേരത്തെ ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ച് പരിചയമുള്ള താരമാണ് ഡേവിഡ് വാർണർ. 2016 സീസണിൽ സണ്‍റൈസേഴ്‌സിനെ ചാമ്പ്യൻമാർ ആക്കാനും വാർണർക്കായിരുന്നു. 2009-2013 സീസണുകളിൽ ഡൽഹിയുടെ താരമായിരുന്ന വാർണർ 2016ലാണ് സണ്‍റൈഡേഴ്‌സിലേക്കെത്തുന്നത്. തുടർന്ന് 2022ലെ ലേലത്തിൽ താരം വീണ്ടും തിരികെ ഡൽഹിയിലേക്കെത്തുകയായിരുന്നു.
കരുത്ത് പകരാൻ ദാദയും: അതേസമയം ഡൽഹി ക്യാപ്പിറ്റൽസ് തങ്ങളെ ക്രിക്കറ്റ് ഡയറക്‌ടറായി ഇന്ത്യൻ മുൻ നായകനും, മുൻ ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഡൽഹി ക്യാപ്പിറ്റൽസിന്‍റെ കീഴിലുള്ള വനിത പ്രീമിയർ ലീഗ് ടീം, എസ്‌എ 20യിലെ പ്രിട്ടോറിയ ക്യാപ്പിറ്റൽസ്, ഐഎൽടി20 യിലെ ദുബായ് ക്യാപ്പിറ്റൽസ് എന്നീ ഫ്രാഞ്ചൈസികളുടെയുൾപ്പെടെ ചുമതല ഗാംഗുലിക്കാണ്. ഐപിഎൽ 2019 സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ മെന്‍ററായി ഗാംഗുലി സേവനമനുഷ്‌ഠിച്ചിരുന്നു.
ഗാംഗുലിയുടെ വരവ് ടീമിന് കൂടുതൽ ആവേശം നൽകിയിരിക്കുകയാണെന്ന് ടീം ചെയർമാനും സഹ ഉടമയുമായ പാർഥ് ജിൻഡാൽ പറഞ്ഞു. 'മുൻ സീസണിലെ ഐപിഎല്ലിനും വരാനിരിക്കുന്ന സീസണിനും ഇടയിൽ ഞങ്ങളുടെ ക്യാപ്പിറ്റൽസ് കുടുംബം വളർന്നു. വനിത പ്രീമിയർ ലീഗിൽ ഞങ്ങൾ ഒരു ടീമിന്‍റെ ഉടമകളാകാൻ ഞങ്ങൾക്കായി. കൂടാതെ അടുത്തിടെ ദക്ഷിണാഫ്രിക്കയിലും യുഎഇയിലും നടന്ന ലീഗുകളിൽ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാനും സാധിച്ചിട്ടുണ്ട്.
ഋഷഭ് പന്തിന്‍റെ അഭാവത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ ഡേവിഡിനേക്കാൾ യോഗ്യനായ ഒരു താരം ടീമിൽ ഇല്ല. അതിനാൽ അദ്ദേഹം ഞങ്ങളുടെ ക്യാപ്‌റ്റനായി. റിക്കിയും ദാദയും എല്ലാ നടപടികളുടേയും മേൽനോട്ടം വഹിക്കുന്നതിനാൽ മത്സരത്തിലെ ശക്‌തരായ ടീമുകളിൽ ഒന്നാകും ഞങ്ങളുടേത് എന്നതിൽ എനിക്ക് സംശയമില്ല.' ജിൻഡാൽ പറഞ്ഞു.
മാർച്ച് 31നാണ് ഇത്തവണത്തെ ഐപിഎൽ സീസണ്‍ ആരംഭിക്കുന്നത്. ഏപ്രിൽ ഒന്നിന് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. 10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഓരോ ടീമിനും ഏഴ് വീതം ഹോം, എവേ മത്സരങ്ങൾ ലഭിക്കും. അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടത്തുന്നത്.