സിഡ്‌നി:പാകിസ്ഥാന് എതിരായ ടെസ്റ്റ് പരമ്പരയോടെ (Australia vs Pakistan) ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഹോംഗ്രൗണ്ടായ സിഡ്‌നിയില്‍ വൈകാരികമായ യാത്രയയപ്പായിരുന്നു വാര്‍ണര്‍ക്ക് ആരാധകര്‍ നല്‍കിയത്. (David Warner Test retirement). ടെസ്റ്റിലെ തന്‍റെ അവസാന ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടാന്‍ 37-കാരനായ വാര്‍ണര്‍ക്ക് കഴിഞ്ഞിരുന്നു.
75 പന്തുകളില്‍ ഏഴ് ബൗണ്ടറികളോടെ 57 റണ്‍സായിരുന്നു താരം നേടിയത്. സാജിദ് ഖാന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയായിരുന്നു ഓസീസ് ഓപ്പണറുടെ പുറത്താവല്‍. പവലിയനിലേക്ക് തിരിച്ചു കയറുന്ന വാര്‍ണര്‍ക്കായി ആള്‍ക്കൂട്ടം കരഘോഷം മുഴക്കിയിരുന്നു. ഇതിനിടെ തന്‍റെ ഹെല്‍മറ്റും ബാറ്റിങ് ഗ്ലൗവും ഒരു കുട്ടിയാരാധകന് വാര്‍ണര്‍ സമ്മാനിച്ചു.
വാര്‍ണരുടെ അപ്രതീക്ഷിത സമ്മാനം ലഭിച്ച കുട്ടി ആരാധകന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നടത്തുന്ന സന്തോഷ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 12 വര്‍ഷങ്ങള്‍ നീണ്ട ടെസ്റ്റ് കരിയറാണ് 37-കാരന്‍ സിഡ്‌നിയില്‍ അവസാനിപ്പിച്ചത്. ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കായി 112 ടെസ്റ്റ് മത്സരങ്ങളാണ് വാര്‍ണര്‍ കളിച്ചിട്ടുള്ളത്.
44.59 ശരാശരിയില്‍ 8786 റണ്‍സാണ് സമ്പാദ്യം. 26 സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. സ്വപ്‌നതുല്യമായ യാത്രയായിരുന്നു ഇതെന്ന് മത്സരത്തിന് ശേഷം വാര്‍ണര്‍ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാലയളവില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം, ആഷസ് പരമ്പരയിലെ സമനില, പിന്നെ ഏകദിന ലോകകപ്പിലെ വിജയം, ഇപ്പോള്‍ ഈ പരമ്പരയും. മികച്ച ഒരുപാടുപേര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നുണ്ട്. ഞങ്ങളുടെ ദൗത്യം കാണികളെ രസിപ്പിക്കുക എന്നതാണ്.