സിഡ്‌നി :പാകിസ്ഥാനെതിരായ പരമ്പരയോടെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷ് ലീഗിലേക്ക് (Big Bash League) തിരികെ എത്തിയിരിക്കുകയാണ്. സിഡ്‌നി തണ്ടറിനായി സിഡ്‌നി സിക്സേഴ്‌സിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ കളത്തിലിറങ്ങിയിരുന്നു. മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ സഹതാരമായ സ്റ്റീവ് സ്‌മിത്തിനെ സ്ലെഡ്‌ജ് ചെയ്യുന്ന ഡേവിഡ് വാർണറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്(David Warner Sledges Steve Smith).
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഡ്‌നി സിക്സേഴ്‌സിന്‍റെ ഓപ്പണറായി ആയിരുന്നു സ്‌മിത്ത് കളത്തിലെത്തിയത്. പന്ത് നേരിടാന്‍ സ്‌മിത്ത് ഗാര്‍ഡ് എടുക്കുന്നതിനിടെയായിരുന്നു വാര്‍ണര്‍ താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. "ഒന്നും അയാളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നില്ല. ഒന്നിനും തന്നെ അതിന് കഴിയുകയുമില്ല. അവന്‍റെ കാലിൽ ഒരു മാർക്ക് ലഭിച്ചിട്ടുണ്ട്. അതിൽ അവന്‍ അസ്വസ്ഥനാവാം" - പിച്ചിലേക്ക് എത്തിയ സ്‌മിത്തിന്‍റെ പിറകെ കൂടി വാര്‍ണര്‍ പറഞ്ഞു.
പിന്നീട് താരം പിച്ചില്‍ മിഡില്‍ സ്റ്റംപ് മാര്‍ക്ക് ചെയ്യുന്നതിനിടെ വാര്‍ണറുടെ വാക്കുകള്‍ ഇങ്ങനെ". അതല്ല, മധ്യഭാഗം അതല്ല, കുറച്ചുകൂടി വലത്തേക്ക്. സുഹൃത്തേ നിങ്ങള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ മാര്‍ക്ക് ചെയ്യുന്നത് ശരിയായിരിക്കേണ്ടതുണ്ട്" - വാര്‍ണര്‍ പറഞ്ഞു. എന്നാല്‍ വാര്‍ണര്‍ക്ക് മറുപടി നല്‍കാതെ അവഗണിക്കുകയാണ് സ്‌മിത്ത് ചെയ്‌തത്. പക്ഷേ, നേരിട്ട ആദ്യ പന്തില്‍ തന്നെ സ്‌മിത്ത് പുറത്തായി. ഡാനിയൽ സാംസിന്‍റെ പന്തിൽ നേഥൻ മക്ആൻഡ്രു ക്യാച്ചെടുത്തായിരുന്നു താരത്തിന്‍റെ മടക്കം.
പക്ഷേ മത്സരത്തില്‍ സ്‌മിത്തിന്‍റെ സിഡ്‌നി സിക്സേഴ്‌സിനായിരുന്നു വിജയം നേടാന്‍ കഴിഞ്ഞത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സിഡ്‌നി സിക്‌സേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 151 റൺസായിരുന്നു നേടിയിരുന്നത്. (Sydney Sixers vs Sydney Thunder Highlights).35 പന്തില്‍ 47 റണ്‍സെടുത്ത ജോഷ് ഫിലിപ്പായിരുന്നു ടോപ് സ്‌കോറര്‍.