പെര്‍ത്ത്:ടെസ്റ്റ് കരിയറിലെ അവസാന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (David Warner Test Century Against Pakistan). പെര്‍ത്തില്‍ പാകിസ്ഥാന്‍ പേസ് നിരയെ തല്ലിയൊതുക്കിയാണ് വാര്‍ണര്‍ ടെസ്റ്റ് കരിയറിലെ 26-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത് (David Warner Test Career Centuries). മത്സരം ചായക്ക് പിരിയുമ്പോള്‍ 149 പന്തില്‍ 111 റണ്‍സുമായി താരം ക്രീസിലുണ്ട്.
മത്സരത്തില്‍ ഇതുവരെ 15 ഫോറും ഒരു സിക്‌സുമാണ് ഡേവിഡ് വാര്‍ണറുടെ ബാറ്റില്‍ നിന്നും പിറന്നത്. അതില്‍, താരം അതിര്‍ത്തി കടത്തിയ സിക്‌സര്‍ ക്രിക്കറ്റ് ലോകത്ത് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പാകിസ്ഥാന്‍റെ പ്രീമിയം പേസര്‍ ഷഹീന്‍ അഫ്രീദിയ്‌ക്കെതിരെയാണ് വാര്‍ണര്‍ തകര്‍പ്പന്‍ ഒരു സിക്‌സര്‍ പായിച്ചത് (David Warner Six Against Shaheen Afridi). വീഡിയോ കാണാം.
മത്സരത്തിന്‍റെ 22-ാം ഓവറിലാണ് വാര്‍ണര്‍ അവിശ്വസനീയമായ രീതിയില്‍ സിക്‌സറടിച്ചത്. ഈ സമയം കമന്‍ററി ബോക്‌സിലുണ്ടായിരുന്ന പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രം വാര്‍ണറുടെ ഷോട്ടിനെ അവിശ്വസനീയം എന്നാണ് വിശേഷിപ്പിച്ചത് (Wasim Akram On David Warner Six).
അതേസമയം, മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ മത്സരത്തിന്‍റെ ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 210 റണ്‍സ് നേടിയിട്ടുണ്ട് (Australia vs Pakistan First Test Day 1 Tea Time Score). ഡേവിഡ് വാര്‍ണറിനൊപ്പം സ്റ്റീവ് സ്മിത്താണ് (Steve Smith) ക്രീസില്‍. സ്മിത്ത് 34 പന്തില്‍ 21 റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ട്.
മത്സരത്തില്‍ ഉസ്‌മാന്‍ ഖവാജയെ (Usman Khawaja) കൂട്ടുപിടിച്ച് ആതിഥേയരായ ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച തുടക്കമാണ് ഡേവിഡ് വാര്‍ണര്‍ സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 126 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 30-ാം ഓവറില്‍ ഷഹീന്‍ അഫ്രീദിയാണ് ഖവാജയെ മടക്കി കൂട്ടുകെട്ട് പൊളിച്ചത്.
98 പന്തില്‍ 41 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ഖവാജയുടെ സമ്പാദ്യം. പിന്നാലെയെത്തിയ മര്‍നസ് ലബുഷെയ്‌നും (Marnus Labuschagne) അധിക നേരം ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. 25 പന്തില്‍ 16 റണ്‍സ് നേടിയ താരത്തെ ഫഹീം അഷ്‌റഫ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. സ്കോര്‍ 159ല്‍ നില്‍ക്കെ ആയിരുന്നു ഓസ്‌ട്രേലിയക്ക് മത്സരത്തില്‍ രണ്ടാം വിക്കറ്റ് നഷ്‌ടപ്പെട്ടത്.
Also Read :ആ ഷൂസ് ധരിക്കരുതെന്ന് ഐസിസി; ഉസ്‌മാന്‍ ഖവാജ കളിക്കാനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്