സിഡ്‌നി: പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ക്യാപ്‌റ്റൻസിയിൽ തനിക്കേർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓസീസ് താരം ഡേവിഡ് വാർണർ. ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ വാതിലുകൾ തുറക്കണമെന്നും തുറന്ന ചർച്ചയ്‌ക്ക് തയാറാവണമെന്നും വാർണർ ആവശ്യപ്പെട്ടു. നേരത്തെ ഓസീസ് ടെസ്റ്റ് ടീം നായകൻ പാറ്റ് കമ്മിൻസും നിരവധി മുൻതാരങ്ങളും വാർണറുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
നിലവിൽ ബിഗ് ബാഷ് ലീഗിൽ സിഡ്‌നി തണ്ടറുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടിരിക്കുകയാണ് 35കാരനായ താരം. മുൻ നായകൻ ഉസ്‌മാൻ ഖവാജ ബ്രിസ്‌ബേൻ ഹീറ്റിലേക്ക് മാറിയതോടെ സിഡ്‌നി തണ്ടറിൽ ക്യാപ്‌റ്റൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ ആജീവനാന്ത വിലക്ക് വാർണർക്ക് തിരിച്ചടിയാകും. 2013ന് ശേഷം ആദ്യമായാണ് താരം ബിഗ് ബാഷ് ലീഗിൽ കളിക്കുന്നത്.