സിഡ്നി:കളിക്കളത്തിന് അകത്തും പുറത്തും ക്ലാസിനും മാസിനും ഒരു കുറവും വരുത്താത്ത ആളാണ് ഓസ്ട്രേലിയയുടെ വെറ്ററന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതോടെ ഓസ്ട്രേലിയയുടെ ടി20 ലീഗായ ബിഗ് ബാഷില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. സിഡ്നി തണ്ടറിനായാണ് 37-കാരന് ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നത്.
ഇപ്പോഴിതാ സിഡ്നി സിക്സേഴ്സിന് എതിരായ മത്സത്തിന് മുന്നോടിയായി ഗ്രൗണ്ടിലേക്ക് ഹോളിവുഡ് സ്റ്റൈല്‍ എന്‍ട്രി നടത്തിയിരിക്കുകയാണ് വാര്‍ണര്‍. ഗ്രൗണ്ടിലേക്ക് ഹെലികോപ്റ്ററിലാണ് വാര്‍ണര്‍ പറന്നിറങ്ങിയിരിക്കുന്നത്. (David Warner has arrived at stadium in the Helicopter to play Big Bash League). ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.(David Warner helicopter entry).
അതേസമയം പാകിസ്ഥാനെതിരായ പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഡേവിഡ് വാര്‍ണര്‍ വിരമിച്ചിരുന്നു. തന്റെ ഹോം ഗ്രൗണ്ടായ സിഡ്നിയിലായിരുന്നു വാര്‍ണര്‍ തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. പാകിസ്ഥാനെതിരായ മൂന്ന് മത്സര പരമ്പരയ്ക്കിടെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും 37-കാരന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടി20 ഫോര്‍മാറ്റില്‍ മാത്രമായിരിക്കും വാര്‍ണര്‍ ഇനി ഓസീസിനായി കളിക്കാന്‍ ഇറങ്ങുക.
ഇന്ത്യന്‍ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിലാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ വാര്‍ണര്‍ അവസാനമായി കളിച്ചത്. ടൂര്‍ണമെന്റില്‍ ഓസീസിന്റെ റണ്‍വേട്ടക്കാരനായിരുന്നു താരം.161 ഏകദിനങ്ങളില്‍ നിന്നും 45.3 ശരാശരിയിലും 97.26 പ്രഹരശേഷിയിലും 6,932 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്. 22 സെഞ്ചുറിയും 33 അര്‍ധ സെഞ്ചുറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
സിഡ്നിയില്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച വാര്‍ണര്‍ക്ക് വൈകാരികമായ യാത്രയയപ്പായിരുന്നു ആരാധകര്‍ നല്‍കിയത്. കങ്കാരുപ്പടയ്ക്കായി 112 മത്സരങ്ങളാണ് ടെസ്റ്റില്‍ 37-കാരനായ വാര്‍ണര്‍ കളിച്ചിട്ടുള്ളത്. 44.59 ശരാശരിയില്‍ 8786 റണ്‍സാണ് കണ്ടെത്തിയിട്ടുള്ളത്. 26 സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.