ചെപ്പോക്ക്:ഏകദിന ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (David Warner becomes fastest to 1000 runs in Cricket World Cup). ചെപ്പോക്കില്‍ ഇന്ത്യയ്‌ക്ക് എതിരായ മത്സരത്തിലാണ് 36-കാരന്‍ നിര്‍ണായ നാഴികകല്ല് പിന്നിടുകയും റെക്കോഡ് തൂക്കുകയും ചെയ്‌തത് (India vs Australia). ചെപ്പോക്കില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ലോകകപ്പില്‍ 1000 റണ്‍സ് എന്ന നാഴികകല്ലിന് വെറും എട്ട് റണ്‍സ് മാത്രം അകലെയായിരുന്നു വാര്‍ണറുണ്ടായിരുന്നത്.
മത്സരത്തില്‍ 52 പന്തുകളില്‍ 41 റണ്‍സ് നേടിയാണ് താരം തിരിച്ച് കയറിയത്. ലോകകപ്പില്‍ 19 ഇന്നിങ്‌സുകളില്‍ നിന്നാണ് വാര്‍ണര്‍ 1000 റണ്‍സിലേക്ക് എത്തിയത്. ഇതോടെ 20 ഇന്നിങ്‌സുകളില്‍ നിന്നും പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദക്ഷിണാഫിക്കയുടെ എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ റെക്കോഡാണ് പഴങ്കഥയായത് (David Warner beats Sachin Tendulkar record in Cricket World Cup 2023)
വെസ്റ്റ് ഇന്‍ഡീസിന്‍റെ വിവിയന്‍ റിച്ചാര്‍ഡ്‌സ്, സൗരവ് ഗാംഗുലി (ഇരുവരും 21 ഇന്നിങ്‌സുകളില്‍ ), ഓസീസിന്‍റെ മാര്‍ക്ക് വോ, ഹെർഷൽ ഗിബ്‌സ് (ഇരുവരും 22 ഇന്നിങ്‌സുകളില്‍ നിന്നും) എന്നിവരാണ് പിന്നിലുള്ളത്. ലോകകപ്പില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന നാലാമത്തെ മാത്രം ഓസീസ് താരമാണ് ഡേവിഡ് വാര്‍ണര്‍. റിക്കി പോണ്ടിങ്, ആദം ഗിൽക്രിസ്റ്റ്, മാർക്ക് വോ എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍.
വാര്‍ണറെ പൊളിക്കുമോ രോഹിത്?: രസകരമായ കാര്യമെന്തെന്നാല്‍ ഇന്ന് 22 റണ്‍സ് നേടിയാല്‍ ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് കണ്ടെത്തുന്ന താരമാവാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് കഴിയും. നിലവില്‍ 17 ഇന്നിങ്‌സുകളില്‍ നിന്നായി 978 റണ്‍സാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്.