റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിറങ്ങും മുമ്പ് ഏറെ സങ്കടകരമായ വാര്‍ത്ത പങ്കുവച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍. തന്‍റെ കുഞ്ഞ് ആരാധികയുടെ വിയോഗമറിഞ്ഞതാണ് മില്ലര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അറിയിച്ചത്. അര്‍ബുദത്തോട് പോരാടിയാണ് മില്ലറിന്‍റെ 10 വയസുകാരി ആരാധിക മരണത്തിന് കീഴടങ്ങിയത്.
കുഞ്ഞ് ആരാധികയെ ഏറെ മിസ് ചെയ്യുമെന്ന് മില്ലര്‍ കുറിച്ചു. ''ഞാന്‍ നിന്നെ ഒരുപാട് മിസ് ചെയ്യും. ഞാനറിഞ്ഞതിൽ വച്ച് ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. പോരാട്ടത്തെ നീ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.
നിന്‍റെ പുഞ്ചിരി എപ്പോഴും പോസിറ്റീവിറ്റി നിറയ്ക്കുന്നതായിരുന്നു. ചെറിയ യാത്രയില്‍ ഓരോ വ്യക്തികളേയും വെല്ലുവിളികളേയും നീ സ്വീകരിച്ചു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു.
നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ നിന്നെ ഏറെ സ്‌നേഹിക്കുന്ന.'' മില്ലര്‍ എഴുതി. കുഞ്ഞിനൊപ്പമുള്ള ചില ചിത്രങ്ങളടങ്ങിയ ഒരു വീഡിയോ സ്റ്റോറിയല്ലാതെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
താരത്തിന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിക്ക് പിന്നാലെ മരണപ്പെട്ടത് മകളാണെന്ന നിലയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മില്ലറോട് അടുത്ത വൃത്തങ്ങളാണ് അര്‍ബുധ ബാധിതയായിരുന്ന ആരാധികയാണിതെന്ന് വ്യക്തമാക്കിയത്.