ദുബായ്: ഐസിസിയുടെ 2021 ലെ സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ന്യൂസിലൻഡ് ഓൾ റൗണ്ടർ ഡാരിൽ മിച്ചലിന്. 2021ലെ ഐസിസി ടി20 ലോകകപ്പ് സെമിയിലെ ശ്രദ്ധേയമായ നിമിഷത്തിനാണ് താരത്തെത്തേടി പുരസ്‌കാരം എത്തിയത്. പുരസ്‌കാരം സ്വന്തമാക്കുന്ന നാലാമത്തെ ന്യൂസിലൻഡ് താരമാണ് ഡാരിൽ
ടി20 സെമിഫൈനലിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന്‍റെ 18-ാം ഓവറിലാണ് പുരസ്‌കാരത്തിന് കാരണമായ സംഭവം അരങ്ങേറിയത്. ആദിൽ റഷീദിന്‍റെ ആദ്യ പന്ത് തട്ടിയിട്ട ജയിംസ് നീഷാം സിംഗിളിനായി ശ്രമിച്ചു. പന്ത് പിടിക്കാനായി ഓടിയെത്തിയ ആദിൽ മിച്ചലുമായി കൂട്ടിയിടിച്ചു.
കൂട്ടിയിടിച്ചതിനാൽ ആദിലിന് പന്ത് കൈക്കലാക്കാൻ സാധിച്ചില്ല. അതിനാൽ മിച്ചൽ സിംഗിൾ എടുക്കാൻ അവസരമുണ്ടായിരുന്നിട്ടും അത് നിരസിച്ചു. താരത്തിന്‍റെ ഈ തീരുമാനത്തിന് ക്രിക്കറ്റ് ലോകത്ത് നിന്ന് വലിയ പ്രശംസയാണ് ലഭിച്ചത്. മത്സരത്തിൽ മിച്ചലിന്‍റെ ബാറ്റിങ് മികവിൽ കിവീസ് വിജയിച്ചിരുന്നു.
ALSO READ:കായിക രംഗത്തെ ഓസ്‌കാറിനായി ഇന്ത്യയുടെ ഗോൾഡൻ ബോയ്; ലോറസ് പുരസ്‌കാര നോമിനേഷനിൽ നീരജ് ചോപ്രയും
മത്സരങ്ങളിൽ വിവാദമുണ്ടാക്കുകയല്ല, തങ്ങളുടെ ശൈലിയിൽ ജയിക്കുകയാണ് ലക്ഷ്യം എന്നായിരുന്നു പുരസ്‌കാരം നേടിയ ശേഷം ഡാരിലിന്‍റെ പ്രതികരണം. ഡാനിയൽ വെട്ടോറി, ബ്രണ്ടൻ മക്കുല്ലം, കെയ്‌ൻ വില്യംസണ്‍ എന്നിവർ നേരത്തെ കിവീസ് നിരയിൽ നിന്ന് സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.