കറാച്ചി:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കായുള്ള വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍റെ മുന്‍ താരം ഡാനിഷ് കനേരിയ. കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന പുജാരയ്‌ക്ക് മറ്റ് ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലീഷ് സാഹചര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി കൗണ്ടിയില്‍ റണ്‍സ് അടിച്ച് കൂട്ടുന്ന താരം ഇന്ത്യയ്‌ക്കായി എന്താണ് ചെയ്‌തതെന്നുമാണ് ഡാനിഷ് കനേരിയ ചോദിക്കുന്നത്.
ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 27 റണ്‍സും മാത്രമാണ് പുജാരയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ ബൗള്‍ഡായ താരം തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഒരു അണ്‍-ഓര്‍ത്തഡോക്‌സ് അപ്പര്‍-കപ്പ് ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ഇന്ത്യയ്‌ക്ക് ഏറെ ആവശ്യമുള്ള സമയത്തായിരുന്നു താരം ചെറിയ സ്‌കോറുകള്‍ക്ക് വിക്കറ്റ് നഷ്‌ടപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കളിക്കുന്ന പുജാരയ്‌ക്ക് മറ്റ് ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ടിലെ സാഹചര്യം പരിചിതമാണ്. ഈ വർഷം ഏപ്രിൽ മുതൽ മെയ് വരെ ഇംഗ്ലണ്ടിൽ ആറ് കൗണ്ടി ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച പുജാര 545 റൺസ് നേടിയിരുന്നു. മൂന്ന് സെഞ്ചുറികള്‍ അടിച്ച് കൂട്ടിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 151 റണ്‍സായിരുന്നു.
ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റിലെ ബോളർമാർ ദുർബലരാണെന്നാണ് കൗണ്ടി ക്രിക്കറ്റിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും പുജാരയുടെ വ്യത്യസ്‌ത പ്രകടനങ്ങൾ സൂചിപ്പിക്കുന്നതെന്നും കനേരിയ പറഞ്ഞു. "ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ചേതേശ്വര്‍ പുജാര രണ്ട് മാസത്തോളം കൗണ്ടി ക്രിക്കറ്റ് കളിച്ചു.