ഇസ്ലാമബാദ് :ഇന്ത്യയുടെ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ (Asia Cup 2023 India Squad) സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി കുല്‍ദീപ് യാദവും സ്‌പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരുമാണ് ഇടം പിടിച്ചത്. ഇതോടെ വെറ്ററന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. അജിത് അഗാര്‍ക്കറുടെ (Ajit Agarkar) നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരെ മുന്‍ താരങ്ങളും വിദഗ്‌ധരും ഉള്‍പ്പടെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ സെലക്‌ടര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേരിയ (Danish Kaneria ). നിലവിലെ ഇന്ത്യന്‍ ടീമില്‍ യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) സ്ഥാനം അര്‍ഹിക്കുന്നില്ലെന്നാണ് ഡാനിഷ് കനേരിയ പറയുന്നത്. സമീപ കാലത്ത് സ്ഥിരത പുലര്‍ത്താന്‍ ചാഹലിന് കഴിഞ്ഞിട്ടില്ലെന്നും കനേരിയ അഭിപ്രായപ്പെട്ടു (Danish Kaneria on Yuzvendra Chahal).
"യുസ്‌വേന്ദ്ര ചാഹൽ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥാനത്തിനും യോഗ്യനല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം സ്ഥിരത പുലര്‍ത്താന്‍ ചാഹലിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മറുവശത്ത് കുല്‍ദീപ് യാദവ് സ്ഥിരമായി വിക്കറ്റുകള്‍ വീഴ്‌ത്തുകയും മധ്യ ഓവറുകളിൽ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ചാഹലിനെ പുറത്തിരുത്തിയത് സെലക്‌ടര്‍മാരുടെ ശരിയായ തീരുമാനമാണ്" - ഡാനിഷ് കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.