കറാച്ചി: ഏഷ്യ കപ്പിന്‍റെ വേദിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാനില്ലെന്ന ഭീഷണിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്ത് എത്തിയിരുന്നു. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിനായി രാജ്യത്തേക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. സുരക്ഷ പ്രശ്‌നങ്ങള്‍ കാരണമാണ് പാക് മണ്ണിലേക്കില്ലെന്ന് ബിസിസിഐ അറിയിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചത്. കഴിഞ്ഞ ദിവസത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ ഏകദിന ലോകകപ്പ് കളിക്കാതിരിക്കുന്ന് പാകിസ്ഥാന്‍റെ തെറ്റായ നീക്കമാണെന്നാണ് മുൻ സ്പിന്നർ ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടിരിക്കുന്നത്.
"ഇന്ത്യ തീർച്ചയായും പാകിസ്ഥാനില്‍ ഏഷ്യ കപ്പ് കളിക്കാന്‍ എത്തില്ല. ഇന്ത്യയെ കൂടാതെ ടൂർണമെന്‍റ് നടത്താമെന്ന് പാകിസ്ഥാൻ കരുതുന്നുവെങ്കിൽ അവർ മുന്നോട്ട് പോകണം. എന്നാൽ പാകിസ്ഥാൻ ലോകകപ്പ് കളിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ല"കനേരിയ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പാക് മുന്‍ സ്‌പിന്നറുടെ പ്രതികരണം.
ഒരു ഐസിസി പരിപാടിയായതിനാൽ ലോകകപ്പിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ പാകിസ്ഥാൻ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും കനേരിയ വ്യക്തമാക്കി. "നിങ്ങള്‍ക്ക് ഫ്രണ്ട് ഫൂട്ടില്‍ കളിക്കണമെങ്കില്‍ ഔട്ട് സ്വിങ്ങര്‍മാരും ഇന്‍സിങ്ങര്‍മാരും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടേണ്ടി വരും. അതുപോലെ തന്നെ ലോകകപ്പ് ഒരു ഐസിസി പരിപാടിയായതിനാൽ അവർക്ക് ചില പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം" കനേരിയ പറഞ്ഞു.
2023ലെ ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തത നൽകേണ്ടതുണ്ടെന്നും കനേരിയ വ്യക്തമാക്കി. അതേസമയം ടൂർണമെന്‍റിന് ദുബായിൽ ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാൻ പരിഗണിക്കണമെന്നും കനേരിയ അഭിപ്രായപ്പെട്ടു.