ലണ്ടന്‍ : ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ആതിഥേയര്‍ വിജയം പിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയ ലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. സ്കോര്‍: ഇന്ത്യ 153/6 (20), ഇംഗ്ലണ്ട് 154/2 (18.2)
56 പന്തില്‍ 89 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഡാനി വ്യാറ്റിന്‍റെ വെടിക്കെട്ട് പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. 36 പന്തില്‍ 46 റണ്‍സെടുത്ത നാറ്റ് സ്കൈവറും മിന്നി.
റ്റാമി ബൗമോണ്ട് 15 പന്തില്‍ റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹീതർ നൈറ്റ് അഞ്ച് പന്തില്‍ ആറ് റണ്‍സ് നേടി. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ, സ്നേഹ റാണ എന്നിവരാണ് ഒരോ വിക്കറ്റുകള്‍ വീഴ്ത്തിയത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്മൃതി മന്ദാന 51 പന്തില്‍ 71 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (26 പന്തില്‍ 36), റിച്ച ഘോഷ് (13 പന്തില്‍ 20) എന്നിവരാണ് ടീം ടോട്ടലിലെ മറ്റ് പ്രധാന സ്കോറര്‍മാര്‍. ഷഫാലി വര്‍മ പൂജ്യത്തിന് പുറത്തായപ്പോള്‍ ക്രീസിലെത്തിയ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
also read: ഒളിമ്പിക്‌സ് : പിവി സിന്ധുവിന്‍റെ ആദ്യ മത്സരം ഇസ്രയേലിന്‍റെ പോളികാർപോവയ്‌ക്കെതിരെ ; 25ന് കളത്തില്‍
ഇംഗ്ലണ്ടിനായി സോഫി എക്സ്ലെസ്റ്റൺ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും കാതറിൻ ബ്രന്‍റ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമെടുത്തു.
നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി നാറ്റ് സ്കൈവര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ടും രണ്ടാം മത്സരം ഇന്ത്യയും വിജയിച്ചിരുന്നു. ഇതോടെ നിര്‍ണായകമായ മൂന്നാം മത്സരം പിടിച്ച് ഇംഗ്ലണ്ട് പരമ്പരയും സ്വന്തമാക്കി.