ലണ്ടന്‍: കൂട്ടുകാരി ജോർജി ഹോഡ്‌ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിയിച്ച് ഇംഗ്ലണ്ടിന്‍റെ വനിത ക്രിക്കറ്റര്‍ ഡാനി വ്യാറ്റ്. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഡാനി ആരാധകരോട് തന്‍റെ ജീവിതത്തിലെ സന്തോഷം പങ്കുവച്ചിരിക്കുന്നത്. മോതിരം കൈമാറിയതിന് ശേഷം ഇരുവരും ചുംബിക്കുന്ന ചിത്രവും ഡാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഡാനി വ്യാറ്റും കൂട്ടുകാരി ജോർജി ഹോഡ്‌ജും 'എന്നെന്നും എന്‍റേത്' എന്നാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ഈ ചിത്രത്തോടൊപ്പം എഴുതിയിരുന്നത്. പങ്കാളി ഡാനി വ്യാറ്റ് ക്രിക്കറ്റാണെങ്കിലും ഫുട്‌ബോളാണ് ജോർജി ഹോഡ്‌ജിന്‍റെ മേഖല. ഫുട്‌ബോളര്‍മാരുടെ കരിയറിന് മാര്‍ഗ നിര്‍ദേശം നല്‍കുന്ന ഏജന്‍സിയായ സിഎഎ ബേസിന്‍റെ വനിത വിഭാഗം മേധാവിയാണ് ജോർജിയെന്നാണ് റിപ്പോര്‍ട്ട്. എഫ്എ ലൈസൻസുള്ള ഏജന്‍റ് കൂടിയാണ് ഇവരെന്നുമാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിനായി ഇതുവരെ 102 ഏകദിനങ്ങളും 143 ടി20 മത്സരങ്ങളും 31കാരിയായ ഡാനി വ്യാറ്റ് കളിച്ചിട്ടുണ്ട്. ഏകദിനങ്ങളില്‍ 1,776 റണ്‍സും 27 വിക്കറ്റുകളും നേടിയ താരം ടി20യില്‍ 2369 റണ്‍സും 46 വിക്കറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. അടുത്തിടെ അവസാനിച്ച വനിത ടി20 ലോകകപ്പിന്‍റെ സെമിയിലെത്തിയ ഇംഗ്ലീഷ് ടീമിന്‍റെ ഭാഗമായും വ്യാറ്റുണ്ടായിരുന്നു.
വനിത പ്രീമിയര്‍ ലീഗില്‍ കളിക്കാനാവാത്തതില്‍ നിരാശ:ബിസിസിഐയുടെ വിമൻസ് ടി20 ചലഞ്ചിന്‍റെ ഭാഗമായിരുന്ന താരമാണ് ഡാനി വ്യാറ്റ്. എന്നാല്‍ വനിത പ്രീമിയര്‍ ലീഗിന്‍റെ പ്രഥമ സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നുവെങ്കിലും ഇംഗ്ലീഷ് ഓള്‍ റൗണ്ടറെ ഫ്രാഞ്ചെസികള്‍ അവഗണിച്ചിരുന്നു. ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവാന്‍ കഴിയാത്തതില്‍ നിരാശ പ്രകടിപ്പിച്ചുള്ള ഡാനി വ്യാറ്റിന്‍റെ ട്വീറ്റ് ശ്രദ്ധേയമായിരുന്നു.
"വനിത പ്രീമിയര്‍ ലീഗില്‍ കളിക്കണെന്ന് സ്വപ്‌നം കണ്ടിരുന്നു. പക്ഷെ, ഹൃദയം തകര്‍ന്നു. കളിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കളിക്കാന്‍ പറ്റിയ മനോഹരമായ സ്ഥലമാണ് ഇന്ത്യ" എന്നായിരുന്നു ഡാനി വ്യാറ്റ് കുറിച്ചത്. എന്നിരുന്നാലും, ഏതെങ്കിലും ടീമിനായി പകരക്കാരിയായി കളിക്കാന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ക്ക് ഇപ്പോഴും അവസരമുണ്ട്. എക്‌സിബിഷൻ ടൂര്‍ണമെന്‍റായി നടത്തിയിരുന്ന വിമൻസ് ടി20 ചലഞ്ച് വനിത പ്രീമിയര്‍ ലീഗ് ആക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ബിസിസിഐ തീരുമാനമെടുത്തത്.
കേബിള്‍ കാറിലെ ഭയാനക നിമിഷങ്ങള്‍:അടുത്തിടെ കേപ്ടൗണിലെ പ്രശസ്തമായ ടേബിൾ മൗണ്ടൻ കേബിൾ കാറില്‍ ഡാനി വ്യാറ്റും ഇംഗ്ലീഷ് ടീമിലെ സഹതാരങ്ങളും കുടങ്ങിയിരുന്നു. കേബിൾ കാറിലേക്കുള്ള വൈദ്യുതി നിലച്ചതോടെ സമതലത്തില്‍ നിന്നും 3,200 അടി ഉയരത്തിലാണ് ഡാനി വ്യാറ്റ് ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ കുടങ്ങിയത്. വനിത ടി20 ലോകകപ്പിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോഴായിരുന്നു ഇംഗ്ലീഷ് ടീം ടേബിൾ മൗണ്ടൻ കേബിൾ കാറില്‍ കയറിയത്.
പ്രദേശത്തേക്ക് ഇനി വരില്ലെന്നായിരുന്നു താഴെയിറങ്ങിയതിന് ശേഷം ഡാനി വ്യാറ്റിന്‍റെ പ്രതികരണം."ഇത് വളരെ ഭയാനകമായ ഒരു അനുഭവമായിരുന്നു. ഞാൻ ഇനി എപ്പോഴെങ്കിലും ആ മലമുകളിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നില്ല." ഡാനി പറഞ്ഞു.
വനിത പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയാത്തതോടെ ക്രിക്കറ്റില്‍ ഒരു ചെറിയ ഇടവേളയാവും ഡാനി വ്യാറ്റിന് ലഭിക്കുക. അതേസമയം നാളെയാണ് വനിത പ്രീമിയര്‍ ലീഗിന്‍റെ പ്രഥമ പതിപ്പ് തുടങ്ങുക. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്‍റ്‌സും തമ്മിലാണ് ഉദ്‌ഘാടന മത്സരം.
ALSO READ:WPL|'ചുവപ്പും കറുപ്പും'; ജേഴ്‌സി അവതരിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ മെഗ് ലാനിങ് നയിക്കും