ന്യൂഡല്‍ഹി: പ്രോട്ടീസിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരെ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ. കളിച്ച നാല് മത്സരങ്ങളിലും സമാന രീതിയില്‍ വിക്കറ്റ് തുലച്ച പന്തിന്‍റെ പ്രവൃത്തിയാണ് സ്റ്റെയ്‌നെ ചൊടിപ്പിച്ചത്. നല്ല താരങ്ങള്‍ തെറ്റുകളില്‍ നിന്നും പഠിക്കുമെന്നും എന്നാല്‍ പന്തിന്‍റെ കാര്യത്തില്‍ ഇത് സംഭവിക്കുന്നില്ലെന്നും സ്റ്റെയ്‌ന്‍ ചൂണ്ടിക്കാട്ടി.
'റിഷഭ് പന്തിന് ഈ പരമ്പരയിൽ നാല് അവസരങ്ങൾ ലഭിച്ചപ്പോൾ സമാന തെറ്റുകൾ വരുത്തുന്നത് കണ്ടു. നല്ല താരങ്ങൾ അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കും. പക്ഷേ റിഷഭ് പഠിക്കുന്നില്ല.' സ്റ്റെയ്ൻ പറഞ്ഞു. കളിച്ച നാല് മത്സരങ്ങളില്‍ 105.6 സ്ട്രൈക്ക് റേറ്റിൽ 57 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്.
വൈഡാകാന്‍ സാധ്യതയുള്ള പന്തുകളെറിഞ്ഞ് ഓഫ് സൈഡില്‍ കെണിയൊരുക്കിയാണ് പ്രോട്ടീസ് ബൗളര്‍മാര്‍ പന്തിനെ കുടുക്കുന്നത്. ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്തില്‍ ഫുള്‍ സ്‌ട്രെച്ച് ചെയ്ത് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്യാച്ച് നല്‍കി മടങ്ങുകയാണ് താരത്തിന്‍റെ പതിവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കറും നേരത്തെ രംഗത്തെത്തിയിരുന്നു.
also read: അന്നത്തെ 11 ലെ 'ഒറ്റയാന്‍', സ്ട്രൈക്ക് റേറ്റ് 200 ന് മുകളിലുള്ള പ്രഹരശേഷി തടയിട്ടവര്‍ക്കും തഴഞ്ഞവര്‍ക്കുമുള്ള മറുപടി ; ഡി.കെ ദി ഹീറോ
ടി20 ക്രിക്കറ്റില്‍ ഈ വര്‍ഷം 10ാം തവണയാണ് പന്ത് ഇത്തരം ഷോട്ടിന് ശ്രമിച്ച് പുറത്താവുന്നതെന്നും, താരം ഇതവസാനിപ്പിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തുകളില്‍ ഫുള്‍ സ്‌ട്രെച്ച് ചെയ്ത് കളിക്കുമ്പോള്‍ ആവശ്യമായ പവര്‍ ലഭിക്കില്ലെന്ന് ഗവാസ്‌കര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു.