ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 154 റണ്‍സെടുത്തത്. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ച്വറിയുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് കരുത്തായത്.
34 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് താരം നേടിയത്. 33 പന്തില്‍ 48 റണ്‍സടിച്ച ഷെഫാലി വര്‍മയും തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാല് വിക്കറ്റ് വീഴ്‌ത്തി.
മത്സരത്തില്‍ ടോസിലെ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്‌ക്കായി വെടിക്കെട്ട് ബാറ്റര്‍ ഷെഫാലിയെ കാഴ്‌ചക്കാരിയാക്കി സ്‌മൃതി മന്ദാന തകര്‍ത്തടിച്ചു. ഇന്ത്യയുടെ ആദ്യ 25 റണ്‍സില്‍ 24ഉം പിറന്നത് സ്‌മൃതിയുടെ ബാറ്റില്‍ നിന്നാണ്.
തുടക്കത്തിലെ തകര്‍ത്തടിച്ച സ്‌മൃതിയെ ഡാറിക് ബ്രൗണാണ് പുറത്താക്കിയത്. പിന്നാലെ വണ്‍ ഡൗണായി എത്തിയ യാസ്‌തിക ഭാട്ടിയ(8) റണ്ണൗട്ടായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. നാലാം നമ്പറില്‍ ഇറങ്ങിയ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീതും ഷെഫാലിയും ക്രീസില്‍ ഒരുമിച്ചതോടെ ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചു.
ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീതിനെ കാഴ്‌ചക്കാരിയാക്കി ഷെഫാലിയാണ് തുടര്‍ന്ന് ബാറ്റിങ് നിയന്ത്രണം ഏറ്റെടുത്തത്. 33 പന്തില്‍ 48 റണ്‍സടിച്ച് ഷെഫാലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 93 റണ്‍സാണ് ഉണ്ടായിരുന്നത്. പിന്നാലെ എത്തിയവര്‍ക്കാര്‍ക്കും ഹര്‍മന്‍ പ്രീതിന് വേണ്ട പിന്തുണ നല്‍കാന്‍ സാധിച്ചില്ല.
ജെമീമ റോഡ്രിഗസ്(11), ദീപ്‌തി ശര്‍മ(1), ഹര്‍ലീന്‍ ഡിയോള്‍(7) എന്നിവരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒറ്റയ്‌ക്ക് പൊരുതി 34 പന്തില്‍ 52 റണ്‍സടിച്ച ഹര്‍മന്‍പ്രീതാണ് ഇന്ത്യയ്‌ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അവസാന നാല് ഓവറില്‍ 34 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്.