മുംബൈ:കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ വനിതകളുടെ ബാറ്റിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് അസറുദ്ദീന്‍. ഇന്ത്യയുടേത് അസംബന്ധവും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതുമായ ബാറ്റിങ് പ്രകടനമായിരുന്നു എന്ന് അസറുദ്ദീന്‍ പറഞ്ഞു. വിജയിക്കാമായിരുന്ന മത്സരം ഇന്ത്യ കൈവിടുകയായിരുന്നു എന്നും അസറുദ്ദീന്‍ ട്വീറ്റ് ചെയ്‌തു.
മത്സരത്തില്‍ ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടായി. 31 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യയ്‌ക്ക് അവസാന അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായത്.
അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പുറമെ (43 പന്തില്‍ 65 റണ്‍സ്), ജെർമിയ റോഡ്രിഗസ് (33 പന്തില്‍ 33) മാത്രമാണ് പിടിച്ച് നിന്നത്. ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന (6), ഷഫാലി വര്‍മ (11) എന്നിവര്‍ വേഗം തിരിച്ച് കയറി.