ചെന്നൈ:ചെന്നൈയിലും സേലത്തും ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനൊരുങ്ങി ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്‌കെ). ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റില്‍ പരിശീലനം നല്‍കുന്നതിനായാണ് 'സൂപ്പര്‍ കിങ്സ് അക്കാദമി' സ്ഥാപിക്കുന്നതെന്നും ഏപ്രിൽ മുതൽ ഇവ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഫ്രാഞ്ചൈസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തുടക്കത്തില്‍ രണ്ട് കേന്ദ്രങ്ങളിൽ ആരംഭിച്ച് കാലക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.
ചെന്നൈയില്‍ സബർബൻ തൊറൈപാക്കത്തും, സേലത്ത് സേലം ക്രിക്കറ്റ് ഫൗണ്ടേഷനിലുമാണ് അക്കാദമി സ്ഥാപിക്കുന്നത്. വർഷം മുഴുവൻ അക്കാദമികള്‍ പ്രവർത്തിക്കുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കി. വരും തലമുറയിലെ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അക്കാദമികള്‍ സ്ഥാപിക്കുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കെഎസ് വിശ്വനാഥൻ പറഞ്ഞു.