മുംബൈ: ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പില്‍ ഇത് കല്ല്യാണക്കാലം. ടീമിന്‍റെ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാഗിന് പിന്നാലെ പേസർ തുഷാർ ദേശ്‌പാണ്ഡെയും വിവാഹിതനാവുന്നു. 28-കാരനായ തുഷാർ തന്‍റെ 'സ്‌കൂൾ ക്രഷ്' നാഭ ഗദ്ദംവാറിനെയാണ് ജീവിത സഖിയാക്കുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം തിങ്കളാഴ്‌ച മുംബൈയില്‍ നടന്നു.
തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹനിശ്ചയ ചിത്രങ്ങളടക്കം താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. നാഭയ്ക്ക് 'സ്‌കൂൾ ക്രഷ്' എന്നതിൽ നിന്നും ഭാവി വധുവായി സ്ഥാനക്കയറ്റം ലഭിച്ചുവെന്നാണ് താരം ഇതൊടൊപ്പം കുറിച്ചത്. വിവാഹ നിശ്ചയ മോതിരത്തിനൊപ്പം ക്രിക്കറ്റ് ബോളും കയ്യിൽ പിടിച്ച് തുഷാറും നാഭയും നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുന്നുണ്ട്.
ഇന്ത്യൻ ക്രിക്കറും ചെന്നൈയില്‍ സഹതാരവുമായ ശിവം ദുബെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ഇതിന്‍റെ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും ശിവം ദുബെ പങ്കിട്ടിരുന്നു. ക്രിക്കറ്റര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാർ യാദവ്, സിമർജിത് സിങ്, ദീപക് ചഹാര്‍ തുടങ്ങിയവരും തുഷാറിനും നാഭയ്ക്കും ആശംസകൾ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ കമന്‍റ് ചെയ്‌തിട്ടുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (ഐപിഎല്‍) കഴിഞ്ഞ സീസണില്‍ കിരിടം നേടിയ ചെന്നൈക്കായി നിർണായക പ്രകടനമാണ് തുഷാർ ദേശ്‌പാണ്ഡെ നടത്തിയത്. സീസണിന്‍റെ തുടക്കത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ താരം തുടര്‍ന്ന് തന്‍റെ ലൈനും ലെങ്ത്തും മെച്ചപ്പെടുകയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്‌തിരുന്നു.
16 മത്സരങ്ങളിൽ നിന്നായി ആകെ 21 വിക്കറ്റ് വീഴ്ത്തിയ താരം സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. സീസണില്‍ ചെന്നൈക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ് തുഷാര്‍. 17 റൺസ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകൾ നേടിയതായിരുന്നു സീസണിലെ മികച്ച പ്രകടം. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് പുറമേ ഡൽഹി ക്യാപിറ്റൽസിനായും തുഷാര്‍ കളിച്ചിട്ടുണ്ട്.
ALSO READ:'ഐപിഎല്‍ വിജയം ലോകകപ്പ് നേടുന്നതിലേക്കാള്‍ കഠിനം'; ഇന്ത്യയെ രോഹിത് തന്നെ നയിക്കണമെന്ന് സൗരവ് ഗാംഗുലി
അതേസമയം കഴിഞ്ഞ ജൂണ്‍ മൂന്നിനായിരുന്നു റിതുരാജ് ഗെയ്‌ക്‌വാദ് - ഉത്കർഷ പവാര്‍ വിവാഹം നടന്നത്. ക്രിക്കറ്ററായ ഉത്കർഷ ആഭ്യന്തര തലത്തില്‍ മഹാരാഷ്‌ട്രയ്‌ക്കായാണ് കളിക്കുന്നത്. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും മഹാരാഷ്‌ട്രയിലെ മഹാബലേശ്വറിൽ വച്ചായിരുന്നു വിവാഹിതാരായത്.
ഇതിന്‍റെ ചിത്രങ്ങള്‍ റിതുരാജ് ഗെയ്‌ക്‌വാദ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. റിതുരാജും ഉത്കർഷയും ജിമ്മിൽ ഒരുമിച്ച് വർക്ക്ഔട്ട് ചെയ്യുന്നതിനിടയിലുള്ള ചിത്രം കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. പിന്നാലെ റിതുരാജിന്‍റെ പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളും പരക്കാന്‍ തുടങ്ങി. അതേസമയം ഐപിഎല്ലിന് പിന്നാലെ റിതുരാജ് ഗെയ്‌ക്‌വാദ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യയുടെ റിസർവ് താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, വിവാഹം നടക്കുന്നതിനാല്‍ റിതുരാജ് ഗെയ്‌ക്‌വാദിന് പിന്മാറേണ്ടിവന്നു.
ALSO READ:'ഇനി പോയി വിന്‍ഡീസിനെ തോല്‍പ്പിക്കൂ, അതില്‍ യാതൊരു അര്‍ഥവുമില്ല' ; കട്ടക്കലിപ്പില്‍ സുനില്‍ ഗവാസ്‌കര്‍