ന്യൂഡല്‍ഹി:ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ തങ്ങളുടെ ഫ്രാഞ്ചൈസിയുടെ പരിശീലകനെ തിരഞ്ഞെടുത്ത് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ഉടമയായ ആർപിഎസ്‌ജി ഗ്രൂപ്പ്. ദക്ഷിണാഫ്രിക്കയുടെ മുൻ താരം ലാൻസ് ക്ലൂസ്‌നറെയാണ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തത്. ഡർബൻ ആസ്ഥാനമായ ഫ്രാഞ്ചൈസിയാണ് ആർപിഎസ്‌ജി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുള്ളത്.
ആർപിഎസ്‌ജി കുടുംബത്തിൽ ചേരാനാവുന്നത് ബഹുമതി ആണെന്ന് ക്ലൂസ്‌നർ പ്രസ്‌താവനയിൽ പറഞ്ഞു. മുന്നിലുള്ള പുതിയ വെല്ലുവിളിയില്‍ അഭിമാനിക്കുന്നു. ടീമിനെ കാണാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അഫ്‌ഗാനിസ്ഥാൻ പുരുഷ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു ക്ലൂസ്‌നർ. 2019 സെപ്‌റ്റംബർ മുതൽ 2021 ഡിസംബർ വരെയാണ് ക്ലൂസ്‌നർ ടീമിനെ പരിശീലിപ്പിച്ചത്. ക്ലൂസ്‌നർക്ക് കീഴില്‍ 2021ൽ യുഎഇയിലും ഒമാനിലും നടന്ന ടി20 ലോകകപ്പില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്താന്‍ അഫ്‌ഗാന് കഴിഞ്ഞിരുന്നു. ക്ലൂസ്‌നറുടെ പരിശീലന കാലത്ത് മൂന്ന് ടെസ്റ്റില്‍ ഒരു ജയം നേടിയ അഫ്‌ഗാന്‍, ആറ് ഏകദിനങ്ങളിൽ മൂന്നും, 14 ടി20കളിൽ ഒമ്പതും ജയം നേടിയിട്ടുണ്ട്.