ഫ്ലോറിഡ :പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് അമേരിക്കന്‍ കൗമാര യൂട്യൂബര്‍ ഐഷോസ്‌പീഡ്. ക്രിസ്റ്റ്യാനോയോടുള്ള തന്‍റെ ആരാധന പലകുറി ഐഷോസ്‌പീഡ് തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമിക്ക് വേണ്ടി അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം കാണാന്‍ ക്രിസ്റ്റ്യാനോ ഫാനായ ഐഷോസ്‌പീഡും ഗാലറിയിലുണ്ടായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ജഴ്‌സിയും അണിഞ്ഞായിരുന്നു ഐഷോസ്‌പീഡ് മത്സരം കാണാനെത്തിയത്. എന്നാല്‍ മെസി ഫാനായി മടങ്ങുന്ന കാമാരക്കാരന്‍റെ ദൃശ്യങ്ങള്‍ വൈറലാണ്. ലീഗ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ് ക്രുസ് അസുലിനെതിരെയാണ് ലോകകപ്പ് ജേതാവായ ലയണല്‍ മെസി തന്‍റെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയത്.
തിങ്ങി നിറഞ്ഞ റിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് അര്‍ജന്‍റൈന്‍ ഇതിഹാസത്തെ ഇന്‍റര്‍ മയാമി പരിശീലകന്‍ കളത്തിലിറക്കിയത്. മെസി കളിക്കാനിറങ്ങുമ്പോള്‍ 44-ാം മിനിട്ടില്‍ റോബര്‍ട്ട് ടെയ്‌ലര്‍ നേടിയ ഒരു ഗോളിന് മുന്നിലായിരുന്നു ഇന്‍റര്‍ മയാമി.
എന്നാല്‍ യൂറിയല്‍ അന്‍റൂനയിലൂടെ 65-ാം മിനിട്ടില്‍ ഗോള്‍ മടക്കിയ മെക്‌സിക്കന്‍ ക്ലബ് ഒപ്പം പിടിച്ചു. തുടര്‍ന്ന് ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഗോളടിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം സമനിലയിലേക്കെന്ന വിലയിരുത്തലിലായിരുന്നു ആരാധകര്‍. എന്നാല്‍ കളി തീരാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ഒരു മാന്ത്രിക ഗോളിലൂടെ മെസി ഇന്‍റര്‍ മയാമിയെ വിജയത്തിലേക്ക് എത്തിക്കുന്ന കാഴ്‌ചയ്‌ക്കാണ് ലോകം സാക്ഷിയായത്.