ശ്രീനഗര്‍: ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍ (Sarfaraz Khan) വിവാഹിതനായി. ജമ്മു കശ്‌മീര്‍ ഷോപ്പിയാന്‍ (Shopian) സ്വദേശിനിയാണ് താരത്തിന്‍റെ വധു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് ഇതുവരെ അവസരം ലഭിക്കാത്ത താരമാണ് സര്‍ഫറാസ് ഖാന്‍. 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഇതുവരെ കളിച്ച താരം 74.14 ശരാശരിയില്‍ 3559 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. 13 സെഞ്ച്വറികളും 9 അര്‍ധ സെഞ്ച്വറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ 301 റണ്‍സ് അടിച്ചെടുത്തതാണ് താരത്തിന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ മുംബൈക്കായി 92.66 ശരാശരിയില്‍ 556 റണ്‍സാണ് സര്‍ഫറാസ് അടിച്ചുകൂട്ടിയത്. ആറ് മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും താരം കണ്ടെത്തിയിരുന്നു.
2020-21 സീസണിലും റണ്‍വേട്ട നടത്താന്‍ സര്‍ഫറാസ് ഖാനായിരുന്നു. ആ സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സാണ് മുംബൈ യുവതാരം അടിച്ചെടുത്തത്. അതിന് മുന്‍പത്തെ സീസണിലും ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെക്കാന്‍ സര്‍ഫറാസ് ഖാന് സാധിച്ചു. ആ വര്‍ഷം 154 എന്ന അമ്പരപ്പിക്കുന്ന ശരാശരിയില്‍ 928 റണ്‍സായിരുന്നു താരം നേടിയത്.
Also Read :'നൗഷാദ് ഖാന്‍റെ മകൻ റെഡിയാണ്'... ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വാതില്‍ ദയവായി അടയ്ക്കരുത്..
എന്നാല്‍, ഐപിഎല്ലില്‍ താരത്തിന് അത്ര മികവ് കാട്ടാനായിട്ടില്ല. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 50 മത്സരം കളിച്ച സര്‍ഫറാസ് ഒരു അര്‍ധസെഞ്ച്വറി ഉള്‍പ്പടെ ആകെ 585 റണ്‍സാണ് നേടിയിട്ടുള്ളത്.
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം തുടരുമ്പോഴും താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലേക്കും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെ ബിസിസിഐ സെലക്‌ടര്‍മാരെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍, വസീം ജാഫര്‍, ആകാശ് ചോപ്ര തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ, താരത്തെ ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ കാരണമായി ബിസിസിഐ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയത് സര്‍ഫറാസ് ഖാന്‍റെ ഫിറ്റ്‌നസും കളിക്കളത്തിന് അകത്തും പുറത്തുമുള്ള താരത്തിന്‍റെ ചില മോശം പെരുമാറ്റവുമാണെന്നായിരുന്നു. ഇക്കാര്യത്തിലും നിരവധി വാദപ്രതിവാദങ്ങളാണ് പിന്നീടുണ്ടായത്. സര്‍ഫറാസിനെ പിന്തുണച്ചുകൊണ്ട് സാബ കരീം രംഗത്തെത്തിയിരുന്നു.
ബിസിസിഐ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞ പോലുള്ള പ്രശ്‌നങ്ങള്‍ സര്‍ഫറാസ് ഖാനുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യേണ്ടത് പരിശീലകനും മാനേജ്‌മെന്‍റുമാണെന്നായിരുന്നു സാബ കരീമിന്‍റെ അഭിപ്രായം. താന്‍ സര്‍ഫാറാസ് ഖാനുമായി വളരെ അടുത്തിടപഴകിയിരുന്ന വ്യക്തിയാണ്. അയാള്‍ക്ക് അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നുമായിരുന്നു അന്ന് സാബ കരീമിന്‍റെ പ്രതികരണം.
Read More :Sarfaraz Khan| ഇതൊക്കെ ഒരു കാരണമാണോ...സർഫറാസിന് അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് ആരാണ്... ചോദ്യങ്ങളുമായി മുൻ താരം